വിട വാങ്ങിയത് കാഞ്ഞിരപ്പള്ളിയുടെ ശില്പി: മാര്‍ അറയ്ക്കല്‍
1278613
Saturday, March 18, 2023 10:19 PM IST
കാഞ്ഞിരപ്പള്ളി: മാര്‍ ജോസഫ് പവ്വത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാന് മാത്രമല്ല കാഞ്ഞിരപ്പള്ളിയുടെ ശില്പികൂടിയാണെന്നു ബിഷപ് മാർ മാത്യു അറയ്ക്കൽ. പരിമിതികളിലും ഇല്ലായ്മകളിലും കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ഊടും പാവും നെയ്ത ദീര്‍ഘവീക്ഷകനായിരുന്നു അദ്ദേഹം.
പിന്നോക്കമായിരുന്ന ഇടുക്കി ജില്ലയുടെ ഇക്കാലത്തെ വികസനങ്ങള്‍ക്ക് അടിത്തറയിട്ടതും കാഞ്ഞിരപ്പള്ളി രൂപത സമസ്തമേഖലകളിലും മുന്നേറിയതും അദ്ദേഹത്തിന്റെ അപാരമായ കാഴ്ചപ്പാടുകളുടെ ഫലമാണ്. ശൂന്യതയില്‍നിന്ന് അദ്ദേഹം അദ്ഭുതങ്ങള്‍ കാഴ്ചവച്ചു. മിഷന്സഭാ വൈദികരുടെ ഉള്‍പ്പെടെ എല്ലാ സഹകരണവും സേവനവും നേടി ഓരോ ഇടവകയെയും വികസനത്തിലേക്കും ആധ്യാത്മിക വളര്‍ച്ചയിലേക്കും നയിച്ചു. പ്രഗത്ഭരായ നൂറുകണക്കിന് വൈദികരെ അദ്ദേഹം പഠിപ്പിച്ചു, പരിശീലിപ്പിച്ചു.
പൊതുസമൂഹത്തിന്റെ നന്മയ്ക്കും കാഞ്ഞിരപ്പള്ളി രൂപതയുടെ സേവനമുണ്ടാകണമെന്ന കാഴ്ചപ്പാടിലാണ് പിഡിഎസ്, എംഡിഎസ് സൊസൈറ്റികള്‍ സ്ഥാപിച്ചത്. രണ്ടു പ്രസ്ഥാനങ്ങളും ഇന്നു കേരളത്തിന്റെതന്നെ ചാലകശക്തികളായി വളര്‍ന്നു. ആയിരങ്ങള്‍ക്കു ജീവിതമാര്‍ഗമായി മാറി.
അര നൂറ്റാണ്ടു മുന്നില്‍കണ്ടു രൂപതയ്ക്ക് അടിത്തറയിട്ടു. വൈദികരെയും സന്യസ്തരെയും അത്മായരെയും വിവിധ പദ്ധതികളില്‍ പങ്കാളികളാക്കി. തുടര്‍ച്ചയായ ആലോചനകളും വിലയിരുത്തലുകളും തിരുത്തലുകളും ഒത്തുചേര്‍ന്ന സുതാര്യമായ പ്രവര്ത്തശൈലിയായിരുന്നു പിതാവിന്റേത്. പള്ളികളും ഇടവകകളും സ്ഥാപിച്ചു വിദ്യാഭ്യാസം, കൃഷി, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അടിത്തറയിട്ടു. അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജും മരിയന്‍ കോളജും അദ്ദേഹത്തിന്റെ സ്വപ്നസംരഭങ്ങളായിരുന്നു. പിതാവിനൊപ്പം പ്രവര്‍ത്തിക്കാനായ ഓരോ വ്യക്തിക്കും നല്ലതും നന്മയും മാത്രമേ പറയാനുണ്ടാകയെന്നും മാർ അറയ്ക്കൽ അനുസ്മരിച്ചു.