മാങ്കുളത്ത് ലഹരിമാഫിയ പിടിമുറുക്കുന്നു
1266056
Wednesday, February 8, 2023 11:01 PM IST
തൊടുപുഴ: മാങ്കുളത്ത് ലഹരിമാഫിയ പിടിമുറുക്കുന്നു. വിദ്യാർഥികളടക്കം നിരവധിപ്പേർ ഇവരുടെ കെണിയിൽ വീണതായാണ് വിവരം. പുറത്തുനിന്നുള്ള സംഘം വിദ്യാർഥികളെയുൾപ്പെടെ കാരിയർമാരാക്കിയാണ കഞ്ചാവുൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്നത്.
കഴിഞ്ഞ ദിവസം അപരിചിതരെ കണ്ട് സംശയം തോന്നിയ നാട്ടുകാർ ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ, ഇവരിൽനിന്നു ലഹരിവസ്തുക്കൾ കണ്ടെടുക്കാൻ കഴിയാത്തതിനാൽ നിയമനടപടി സ്വീകരിക്കാനായില്ല.
ഇവരുടെ പിന്നിലുള്ള വൻ റാക്കറ്റിനെ നിയമത്തിനു മുന്നിലെത്തിക്കാൻ അധികൃതർക്കു കഴിയാത്തതിൽ ശക്തമായ പ്രതിഷേധമാണുയരുന്നത്. ചില രാഷ്ട്രീയ നേതാക്കളുടെ തണലിലാണു ലഹരിമാഫിയ തഴച്ചുവളരുന്നത്. പോലീസോ എക്സൈസോ കുറ്റക്കാരെ പിടികൂടിയാൽ ഉടൻതന്നെ ഇവരെ രക്ഷിക്കാൻ ചിലർ രംഗത്തെത്തുന്നതു പതിവാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
സമീപനാളിൽ ഹൈറേഞ്ച് മേഖലയിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരിമാഫിയ പിടിമുറുക്കിയിട്ടുണ്ട്. ഇത്തരം സംഘത്തെ അമർച്ച ചെയ്യാൻ പോലീസും എക്സൈസും ഉൾപ്പെടെയുള്ള വകുപ്പുകൾ കർശന നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.