മണക്കാട് കന്പിപ്പാലത്തിന്റെ അവശിഷ്ടങ്ങൾ പുഴയിൽനിന്നു നീക്കി
1265692
Tuesday, February 7, 2023 10:52 PM IST
തൊടുപുഴ: പ്രളയക്കെടുതിയിൽ തകർന്നു തൊടുപുഴയാറിൽ പതിച്ച മണക്കാട് പഞ്ചായത്തിലെ ചിറ്റൂർ-മടക്കത്താനം കന്പിപ്പാലത്തിനു ശാപമോക്ഷം. മണക്കാട് പഞ്ചായത്ത് ഭരണസമിതി ജില്ലാ കളക്ടറുടെ പ്രത്യേക അനുമതിയോടെ പുഴയുടെ സ്വാഭാവിക ഒഴുക്കിനെപോലും തടസപ്പെടുത്തുന്ന രീതിയിൽ തകർന്നുകിടന്നിരുന്ന കന്പിപ്പാലത്തിന്റെ ഇരുന്പ് അവശിഷ്ടങ്ങൾ നീക്കുകയായിരുന്നു.
2018-ലെ പ്രളയത്തിലാണ് പാലം തകർന്നു പുഴയിൽ പതിച്ചത്. പാലത്തിന്റെ അവശിഷ്ടങ്ങൾ പുഴയിൽ വീണുകിടന്നതിനാൽ ഇവിടെ വൻതോതിൽ മാലിന്യവും വന്നടിഞ്ഞിരുന്നു.
പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കംചെയ്യാൻ പഞ്ചായത്ത് ഒട്ടേറെ തവണ ടെൻഡറുകൾ ക്ഷണിച്ചെങ്കിലും ആരും മുന്നോട്ടു വന്നില്ല. തുടർന്നു കഴിഞ്ഞ ദിവസം പഞ്ചായത്ത്തല ദുരന്തനിവാരണ സമിതിയുടെ പ്രത്യേക യോഗം ചേർന്ന് പ്രശ്നം ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അസി. എൻജിനിയർ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം വീണ്ടും ടെൻഡർ ക്ഷണിക്കുകയും ഇടവെട്ടി സ്വദേശി കരാർ ഏറ്റെടുക്കുകയും ചെയ്തു.
പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കുന്നതിനായി ജില്ലാ കളക്ടറുടെ പ്രത്യേക അനുമതിയോടെ എംവിഐപി അധികൃതർക്കു നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ മലങ്കരയിലെ ഷട്ടറുകൾ അടച്ച് ഏഴു ദിവസം ജലവിതാനം താഴ്ത്തി.
പിന്നീട് പാലത്തിന്റെ അവശിഷ്ടങ്ങളിൽ അടിഞ്ഞുകൂടിയിരുന്ന വൻ മാലിന്യശേഖരം നീക്കംചെയ്തു. തുടർന്നു ജനപ്രതിനിധികളുടെയും കരാറുകാരന്റെയും നേതൃത്വത്തിൽ ക്രെയിനും തൊഴിലാളികളെയും ഉപയോഗിച്ചു ചെളിയിൽ പൂണ്ടുകിടന്നിരുന്ന പാലത്തിന്റെ ഇരുന്പ് അവശിഷ്ടങ്ങൾ ഉയർത്തിയെടുത്ത് കരയിലേക്കു മാറ്റുകയായിരുന്നു. ഇതോടെ പുഴയുടെ സ്വഭാവിക ഒഴുക്കിനുണ്ടായിരുന്ന തടസം നീങ്ങി.
ഇവിടെ വീണ്ടും യാത്രക്കാർക്കായി നടപ്പാലം നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഇതിനുള്ള നിർദേശം സമർപ്പിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ്, സ്ഥിരം സമിതി അധ്യക്ഷൻ പി.എസ്. ജേക്കബ്, വാർഡ് മെംബർ എം. മധു എന്നിവർ അറിയിച്ചു.