ഒടുവിൽ ആനവിലാസത്തെ "മൂന്നാറിൽനിന്ന്' ഒഴിവാക്കി
1264242
Thursday, February 2, 2023 10:18 PM IST
കട്ടപ്പന: ആനവിലാസത്തെ ഒടുവിൽ മൂന്നാർ വില്ലേജിൽനിന്ന് ഒഴിവാക്കി. ഏഴു വർഷം നീണ്ട പോരാട്ടത്തിനും ജനങ്ങളുടെ ദുരിതത്തിനും കാത്തിരിപ്പിനുമൊടുവിലാണ് ഈ ഭീമാബദ്ധം സർക്കാർ തിരുത്തിയത്. പീരുമേട് - ഉടുന്പൻചോല താലൂക്കുകളിൽ ഉൾപ്പെട്ടതാണ് ആനവിലാസം വില്ലേജ്.
ഒരു ദിവസംകൊണ്ട് പരിഹരിക്കാവുന്ന പിഴവ് തിരുത്താൻ റവന്യൂവകുപ്പിനു വേണ്ടിവന്നത് ഏഴു വർഷം, അതും മുഖ്യമന്ത്രി ഇടപെട്ടതിനെത്തുടർന്ന്. ഇടുക്കിയിലെ പല ഭൂപ്രശ്നങ്ങളും പരിഹരിക്കാൻ ഇത്തരം ഒരു നടപടിയുടെ ആവശ്യമേയുള്ളൂ എന്നതിന്റെ തെളിവാണ് ആനവിലാസം പ്രശ്നം.
തോന്നുംപടി
2010ലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പേരിലാണ് 2016ൽ ഇടുക്കി ജില്ലാ കളക്ടർ സർക്കുലർ ഇറക്കി ആനവിലാസം വില്ലേജിലെ നിർമാണങ്ങൾക്കു റവന്യു വകുപ്പിന്റെ നിരാക്ഷേപ പത്രം (എൻഒസി) വേണമെന്ന നിബന്ധന വച്ചത്. മൂന്നാർ മേഖലയിൽ സർക്കാർ ഭൂമി കൈയേറ്റം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് 2010ലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഒരു സംഘടന നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്. അതിന്റെ പേരിലാണ് മൂന്നാറുമായി ഒരു ബന്ധവോ സാമ്യമോ ഇല്ലാത്ത ആനവിലാസം വില്ലേജിൽകൂടി നിർമാണം വിലക്കിയത്. തികച്ചും അബദ്ധജടിലമായ ഉത്തരവ് പിൻവലിക്കണമെന്ന് അന്നു മുതൽ ജനങ്ങൾ ആവശ്യപ്പെടുന്നതാണ്.
രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വാഗ്ദാനങ്ങളിലൊന്നും ഈ തിരുത്തൽ വരുത്തുമെന്നായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗത്തിലാണ് തിരുത്തുമെന്ന പ്രഖ്യാപനം ഉണ്ടായത്.
വെറുതെയൊരു കുരുക്ക്
വേണ്ടത്ര പരിശോധനയോ ജാഗ്രതയോ ഇല്ലാതെ ഭൂമിവിഷയങ്ങളിൽ ഉത്തരവുകളിറക്കി ജനങ്ങളെ ദ്രോഹിക്കുന്നതിന് ഉത്തമ ഉദാഹരണമായിരുന്നു ഈ ഉത്തരവ്. ആനവിലാസം വില്ലേജ് മൂന്നാറിൽനിന്നു വളരെ അകലെ സ്ഥിതിചെയ്യുന്നതാണ്. ഭൂമിസാസ്ത്രപരമായും കാലാവസ്ഥാപരമായും മൂന്നറിൽനിന്നു തികച്ചും വ്യത്യസ്തമാണ് ഇവിടുത്തെ സാഹചര്യങ്ങൾ. ഏലം കൃഷിയാണ് പ്രധാനം.
മൂന്നാറിലെപ്പോലെ ഭൂമി കൈയേറ്റങ്ങളോ വൻകിട നിർമാണ പ്രവർത്തനങ്ങളൊ ഹോട്ടൽ /റിസോർട്ട് നിർമാണങ്ങളോ ആനവിലാസത്തു നടക്കുന്നില്ലായെന്നും ജില്ല കളക്ടർ പുതിയ റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് ഉത്തരവ് തിരുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒന്നിനാണ് മുൻ തീരുമാനം തിരുത്തി ഉത്തരവ് ഇറങ്ങിയത്. കീറാമുട്ടിയെന്ന് ഏഴു വർഷം ജനങ്ങളെ പറഞ്ഞു പറ്റിച്ച വിഷയം ഒറ്റവരി ഉത്തരവിൽ തീർന്നു.
വില്ലേജുകൾ ഏഴായി
അതേസമയം, നിർമാണത്തിന് റവന്യു വകുപ്പിന്റെ എൻഒസി വേണമെന്ന നിബന്ധനയിൽനിന്നേ ആനവിലാസം വില്ലേജ് ഒഴിവായിട്ടുള്ളു. ഇടുക്കി ജില്ലയിൽ നിലനിൽക്കുന്ന വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിട നിർമാണ നിരോധനം നിലനിൽക്കുകയാണ്.
എൻഒസി നിബന്ധന ഒഴിവായതോടെ ആനവിലാസം വില്ലേജിൽ വീടു നിർമിക്കാനുള്ള തടസം ഒഴിവായി. എട്ടു വില്ലേജുകളിലാണ് നിർമാണത്തിനു 2016ൽ റവന്യു വകുപ്പിന്റെ എൻഒസി നിർബന്ധമാക്കിയത്. ആനവിലാസത്തെ ഒഴിവാക്കിയതോടെ അത് ഏഴായി കുറഞ്ഞു.