വൈദ്യുത അലങ്കാരം: ജാഗ്രത വേണമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്
1246633
Wednesday, December 7, 2022 10:57 PM IST
തൊടുപുഴ: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് വീടുകളിൽ നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും സ്ഥാപിക്കുന്പോൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗം. ഇത്തരം കാര്യങ്ങൾക്ക് മുന്പ് വൈദ്യുത സുരക്ഷാ നടപടികൾ കൈക്കൊള്ളണമെന്ന് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു.
എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ (ഇഎൽസിബി) സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. നക്ഷത്ര ദീപാലങ്കാരങ്ങൾ കൈകാര്യം ചെയ്യുന്നതിന് കുട്ടികളെ നിയോഗിക്കരുത്. ഐഎസ്ഐ ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രമേ ഉപയോഗിക്കാവൂ.
കണക്ടറുകൾ ഉപയോഗിച്ചു വയറുകൾ കൂട്ടി യോജിപ്പിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. കാലപ്പഴക്കം ചെന്നതും നിലവാരം കുറഞ്ഞതുമായ വയറുകൾ ദീപാലങ്കാരത്തിന് ഉപയോഗിക്കരുത്. ഗ്രില്ലുകൾ, ഇരുന്പ് കൊണ്ടുള്ള വസ്തുക്കൾ, ലോഹനിർമിത ഷീറ്റുകൾ എന്നിവയിലൂടെ ദീപാലങ്കാരങ്ങൾ പാടില്ല. വീടുകളിലെ എർത്തിംഗ് സംവിധാനം കാര്യക്ഷമമാണെന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.