പട്ടംകോളനി പറയുന്ന കഥ
1225546
Wednesday, September 28, 2022 10:19 PM IST
നെടുങ്കണ്ടം: ഇടുക്കി ജില്ലാ രൂപീകരണത്തിനു വഴിതെളിച്ച സുപ്രധാനമായ പ്രഖ്യാപനമായിരുന്നു പട്ടംകോളനി. 67 വര്‍ഷം മുമ്പാണ് ചരിത്രം വഴിമാറിയ കുടിയിരുത്തല്‍ നടന്നത്. ഹൈറേഞ്ചിനെ തമിഴ്നാടിനോടു ചേര്‍ക്കണമെന്ന ആവശ്യം ശക്തമായിരുന്ന കാലഘട്ടത്തില്‍ തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന പട്ടം എ. താണുപിള്ള എടുത്ത സുപ്രധാന തീരുമാനമാണ് കല്ലാര്‍ പട്ടംകോളനി രൂപീകരണം. 1955 ജനുവരി 20നാണ് കല്ലാര്‍ പട്ടംകോളനിയുടെ ഉദ്ഘാടനം നടന്നത്.
കൃഷി ചെയ്യാനായി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒത്തുകൂടി ഒരു സമൂഹമായി മാറിയ ജനതയാണ് ഇന്നു പട്ടംകോളനിയിലുള്ളത്. പട്ടിണിയും പരിവട്ടവുമായി ഏറുമാടങ്ങളില്‍ ഉറക്കമിളച്ചു നല്ല ജീവിതത്തിനായി അധ്വാനിച്ച ഒരുകൂട്ടം മനുഷ്യരുടെ ഒരുപാട് കഥകളുറങ്ങുന്ന മണ്ണാണ് ഇവിടം.
ഹൈറേഞ്ചിനെ തിരിച്ചുപിടിച്ചു
ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ച സമയത്തു ഹൈറേഞ്ചിനെ കേരളത്തിനൊപ്പം ചേര്‍ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതു പട്ടംകോളനിയാണ്.
ഇന്നത്തെ ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം താലൂക്കുകള്‍ അന്നു തമിഴ് ഭൂരിപക്ഷ മേഖലകളായിരുന്നു. ഈ താലൂക്കുകള്‍ തമിഴ്നാടിനോടു ചേര്‍ക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് അന്നു തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന പട്ടം എ. താണുപിള്ള ഹൈറേഞ്ച് കോളനൈസേഷന്‍ പ്രഖ്യാപിച്ചത്. രണ്ടാം ലോക മഹായുദ്ധം സൃഷ്ടിച്ച ഭക്ഷ്യക്ഷാമം പരിഹരിക്കുകയായിരുന്നു മറ്റൊരു ലക്ഷ്യം. അങ്ങനെ കല്ലാര്‍ പട്ടംകോളനി, മറയൂര്‍, കാന്തല്ലൂര്‍, ദേവിയാര്‍ എന്നിങ്ങനെ നാലു കോളനികള്‍ സ്ഥാപിക്കുകയായിരുന്നു. ഇതില്‍ ഏറ്റവും വലുതാണ് കല്ലാര്‍ പട്ടംകോളനി.
വികസനത്തിന്റെ മലകയറ്റം
അഞ്ച് ഏക്കര്‍ വീതമുള്ള 1,397 ബ്ലോക്കുകള്‍ ചേര്‍ന്നതാണ് പട്ടംകോളനി. കാലാന്തരത്തില്‍ വന്‍ വികസനമാണ് മേഖലയില്‍ ഉണ്ടായത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യരംഗത്തു മികച്ച സൗകര്യങ്ങള്‍, സര്‍ക്കാര്‍ സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ കടന്നുവരവ്, അന്താരാഷ്ട്ര നിലവാരമുള്ള റോഡുകള്‍, പാലങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍ തുടങ്ങി ഒട്ടേറെ വികസനങ്ങൾ കടന്നുവന്നു.
കൃഷി ഉപജീവനമാര്‍ഗമാക്കിയ ആയിരക്കണക്കിന് ആളുകളാണ് ഇപ്പോഴും കല്ലാര്‍ പട്ടംകോളനിയുടെ സമ്പത്ത്. പട്ടം താണു പിള്ളയുടെ നേതൃത്വത്തില്‍ കോളനി രൂപീകരിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇടുക്കി ജില്ലയുടെ ഭൂരിഭാഗവും തമിഴ്നാടിനോടു ചേര്‍ക്കപ്പെട്ടേനെ. തിരുക്കൊച്ചി മുഖ്യമന്ത്രിയുടെ ഈ ദീര്‍ഘവീക്ഷണമാണ് പിന്നീടു ജില്ലാ രൂപീകരണത്തിലേക്കു വഴിതെളിച്ചത്.