സുരേഷ്ഗോപി ഇടമലക്കുടി സന്ദർശിച്ചു
1225297
Tuesday, September 27, 2022 11:11 PM IST
മൂന്നാർ: ഇടമലക്കുടി ഗോത്രവർഗ പഞ്ചായത്തിലെ ഇഡലിപ്പാറക്കുടിയിൽ കുടിവെള്ള ടാങ്ക് നിർമിച്ച് നൽകുമെന്ന് മുൻ എംപി സുരേഷ് ഗോപി. ഇടമലക്കുടിയിൽ ആദ്യമായി സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ ജനുവരിയിൽ ഇടമലക്കുടിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നും ഏഴു ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് മൂന്ന് കിലോമീറ്റർ ദൂരത്തു നിന്ന് ഇഡലിപ്പാറക്കുടിയിലേക്ക് വെള്ളം എത്തിക്കുകയായിരുന്നു. ഈ വെള്ളം ശേഖരിക്കുന്നതിനായി താത്ക്കാലിക ടാങ്ക് സജ്ജമാക്കാനുള്ള പടുതയടക്കമുള്ള സാമഗ്രികളുമായാണ് അദ്ദേഹം എത്തിയത്.
കുടിയിലെത്തിയ സുരേഷ് ഗോപിയെ കാണിമാരുടെ പരന്പരാഗതമായ തലപ്പാവണിയിച്ചാണ് സ്വീകരിച്ചത്. യോഗത്തിൽ ഉൗരു മൂപ്പന്മാരെ സുരേഷ് ഗോപി ആദരിച്ചു. പെട്ടിമുടിയിലെത്തിയ അദ്ദേഹം ഉരുൾ ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ച സ്ഥലത്ത് പുഷ്പാഞ്ജലി നടത്തി.ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, മേഖല പ്രസിഡന്റ് എൻ. ഹരി, വി.എൻ. സുരേഷ്, വി.എസ്. രതീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.