വനം വകുപ്പിനെതിരേ ഉപരോധം തീർത്ത് സിപിഎമ്മും സിപിഐയും
1225296
Tuesday, September 27, 2022 11:11 PM IST
ഉപ്പുതറ: കണ്ണംപടിയിൽ കാട്ടിറച്ചിയുമായി ആദിവാസി യുവാവ് അറസ്റ്റിലായ സംഭവത്തിൽ വനം വകുപ്പിനെതിരെ സിപിഎമ്മും സിപിഐയും പ്രത്യക്ഷ സമരം തുടങ്ങി.
ആദിവാസികളെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് ഇരു പാർട്ടികളും സമരം നടത്തുന്നത്. കഴിഞ്ഞ 20നാണ് വിൽപനയ്ക്ക് കൊണ്ടുപോയ രണ്ടു കിലോ കാട്ടിറച്ചിയുമായി കണ്ണംപടി (മുല്ല) പുത്തൻ പുരയ്ക്കൽ സരിൻ സജി (24) എന്നയാളെ കിഴുകാനം ഫോറസ്റ്ററും സംഘവും അറസ്റ്റ് ചെയ്തത്. ഇറച്ചി കൊണ്ടുപോയ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ ത്തുടർന്ന് തിങ്കളാഴ്ച രാവിലെ വൻമാവ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സരിൻ പിടിയിലായത്.
മുല്ല പതാലിൽ സനോപി എന്ന് വിളിക്കുന്ന സനോജ്, മാക്കൽ അപ്പു എന്ന് വിളിക്കുന്ന സനിൽ എന്നിവരാണ് ഇറച്ചി വിൽക്കാൻ ഏൽപ്പിച്ചതെന്ന് സരിൻ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു. മ്ലാവിന്റെ ഇറച്ചിയാണെന്ന നിഗമനത്തിൽ ഇറച്ചി വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.
കൂട്ടു പ്രതികൾക്കായി ഉദ്യോഗസ്ഥർ അന്വേഷണം ശക്തമാക്കിയതോടെയാണ് ഭരണപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തുവന്നത്. ഇന്നലെ രാവിലെ സിപിഐയും വൈകിട്ട് സിപിഎമ്മും കിഴുകാനം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി.
ആദിവാസി യുവാക്കളുടെ പേരിലെടുത്തത് കള്ളക്കേസ് ആണെന്ന് നേതാക്കൾ ആരോപിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പീഡനം അവസാനിപ്പിച്ചില്ലങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും സമരത്തിൽ പങ്കെടുത്ത നേതാക്കൾ മുന്നറിയിപ്പു നടത്തി.എന്നാൽ, ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രയ മുതലെടൂപ്പ് നടത്തുകയാണെന്ന് ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി. രാഹുൽ പറഞ്ഞു.
വന നിയമം ആരു ലംഘിച്ചാലും അവർക്കെതിരെ നടപടി സ്വീകരിക്കും. കാട്ടിറച്ചി പിടിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയെന്നും രാഹുൽ അറിയിച്ചു.