മാലിന്യ സംസ്കരണം: പാഠങ്ങള്‍ പകര്‍ന്ന് കുട്ടികളുടെ ഹരിതസഭ
1479318
Friday, November 15, 2024 7:22 AM IST
ചങ്ങനാശേരി: സ്കൂളുകളിലും വീടുകളിലും മാലിന്യ സംസ്കരണം, ശുചിത്വ സംരക്ഷണം എന്നിവയെക്കുറിച്ച് അവബോധം നല്‍കുന്നതിനായി നഗരസഭയുടെ നേതൃത്വത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു.
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി എന്റെ വിദ്യാലയം മാലിന്യമുക്തം എന്ന പദ്ധതിയോടനുബന്ധിച്ചാണ് ഹരിതസഭ സംഘടിപ്പിച്ചത്. ഉറവിടങ്ങളില്‍ത്തന്നെ ജൈവമാലിന്യം സംസ്കരിക്കുക, അജൈവമാലിന്യം ഹരിതകര്‍മ സേനയ്ക്കു കൈമാറുക, ഒറ്റത്തവണ ഉപയോഗിക്കുന്ന ഡിസ്പോസിബിള്‍ പ്ലേറ്റ്, കപ്പുകള്‍ എന്നിവ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കുട്ടികള്‍ക്ക് നല്കി.
സ്കൂളുകളിലും വീടുകളിലും നടപ്പാക്കുന്ന മാലിന്യസംസ്കരണ പദ്ധതികളെക്കുറിച്ച് കുട്ടികളുടെ പ്രതിനിധികള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുന്നതിനായി റിംഗ് കമ്പോസ്റ്റ്, ജീബിന്നുകള്, ബാസ്കറ്റുകള് തുടങ്ങിയ ഉപാധികള്‍ സ്കൂളുകള്‍ക്ക് നല്‍കണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടു. ഇവ ഉടന്‍ നല്‍കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് പറഞ്ഞു. വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.
20 സ്കൂളുകളെ പ്രതിനിധീകരിച്ച് 120 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. നിസാര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എല്‍സമ്മ ജോബ്, അഡ്വ. മധുരാജ്, കൗണ്‍സിലര്‍മാരായ ഉഷ മുഹമ്മദ് ഷാജി, കുഞ്ഞുമോള്‍ സാബു, മുനിസിപ്പല്‍ സെക്രട്ടറി എസ്എ.എല്‍. സജി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുനില്‍ സി, സ്മിരീഷ് ലാല്‍ കെ, ബിജേഷ് ഇമ്മാനുവല്‍, ജെറാള്‍ഡ് മൈക്കിള്‍, ആശാ മേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.