എരുമേലിയിൽ അവിശ്വാസം പാസായി; വൈസ് പ്രസിഡന്റ് പുറത്ത്
1479242
Friday, November 15, 2024 5:42 AM IST
എരുമേലി: പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഇലവുങ്കലിനെതിരെ എൽഡിഎഫ് അംഗങ്ങൾ നൽകിയ അവിശ്വാസപ്രമേയം പാസായി. ഇന്നലെ രാവിലെ 11ന് അവിശ്വാസ പ്രമേയ അവതരണത്തിനായി ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു. യുഡിഎഫ് അംഗങ്ങൾ പത്തു പേരും സ്വതന്ത്ര അംഗം ബിനോയ് ഇലവുങ്കലും ഉൾപ്പെടെ 11 പേർ പങ്കെടുക്കാതെ വിട്ടുനിന്നപ്പോൾ എൽഡിഎഫിന് പിന്തുണ നൽകി കഴിഞ്ഞയിടെ പഞ്ചായത്ത് പ്രസിഡന്റ് ആയതിന് കോൺഗ്രസിൽനിന്നു പുറത്താക്കപ്പെട്ട സുബി സണ്ണി ഉൾപ്പെടെ എൽഡിഎഫ് അംഗങ്ങൾ 12 പേർ പങ്കെടുത്തു.
23 അംഗ ഭരണസമിതിയിൽ 11 പേർ വിട്ടുനിൽക്കുകയും അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് 12 പേർ ഹാജരാവുകയും ചെയ്തതോടെ ഭൂരിപക്ഷം ഉണ്ടെന്ന് രേഖപ്പെടുത്തി അവിശ്വാസപ്രമേയം പാസായതായി വരണാധികാരി കാഞ്ഞിരപ്പള്ളി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഷമീർ വി. മുഹമ്മദ് അറിയിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഫൈസലിന്റെ സാന്നിധ്യത്തിലായിരുന്നു നടപടികൾ. ഇനി വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ പ്രത്യേക കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിക്കുന്നതോടെ വിളിച്ചു ചേർക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കോടതിയെ സമീപിക്കും
കോൺഗ്രസ് അംഗമായിരിക്കോ പാർട്ടി വിപ്പ് ലംഘിച്ചു കൂറ് മാറ്റം നടത്തിയ സുബി സണ്ണി (മറിയാമ്മ) യെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിൽനിന്ന് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ കോൺഗ്രസ് നേതൃത്വം ഒരുങ്ങുന്നു.
നിലവിൽ സുബി സണ്ണിക്കെതിരേ കൂറുമാറ്റത്തിന് അയോഗ്യതാ നടപടികൾ ആവശ്യപ്പെട്ട് പാർട്ടി നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഹർജി നൽകിയിട്ടുണ്ട്. ഹർജിയിൽ നടപടികൾ ആയിട്ടില്ല. ഈ ഹർജി തീർപ്പാകുന്നതുവരെ വോട്ടവകാശം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം പറഞ്ഞു.