തമ്പലക്കാട്-നാലാംമൈൽ-വഞ്ചിമല റോഡ് തകർന്നു : നടുവൊടിക്കും യാത്ര
1479239
Friday, November 15, 2024 5:42 AM IST
കാഞ്ഞിരപ്പള്ളി: തമ്പലക്കാട്-നാലാംമൈൽ-വഞ്ചിമല റോഡ് തകർന്നു ഗതാഗതയോഗ്യമല്ലാതായി. കാൽനടയാത്ര പോലും ദുഃസഹമായതോടെ പ്രദേശവാസികൾ ദുരിതത്തിലായി. കുടിവെള്ള പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കാൻ റോഡിൽ കുഴിയെടുത്തതും ശരിയായ രീതിയിൽ മൂടാത്തതുമാണ് റോഡ് തകരാൻ കാരണം.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ നാലാംമൈൽ മുതൽ വാട്ടർ ടാങ്ക് സ്ഥിതി ചെയ്യുന്ന ഭാഗംവരെയുള്ള റോഡ് ഒലിച്ചുപോയ സ്ഥിതിയിലാണ്. വാഹനങ്ങൾ കടന്നുപോകാൻ പറ്റാത്തവിധം വലിയ കുഴിയും കട്ടിംഗും രൂപപ്പെടുകയും പ്രധാന പാതയായ കാഞ്ഞിരപ്പള്ളി-എലിക്കുളം റോഡിൽ മെറ്റിലും മണ്ണും അടിഞ്ഞുകൂടി കിടക്കുകയുമാണ്.
കാറുകൾ കുഴിയിൽ ചാടി അടിവശം ഇടിച്ച് കേടുപാടുകൾ സംഭവിക്കുകയും മഴയില്‍ കുഴികളില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ ആഴമറിയാതെ ഇരുചക്രവാഹനങ്ങള്‍ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണെന്നു നാട്ടുകാർ പറഞ്ഞു. മുന്‍പ് ഇതുവഴി സ്കൂൾ ബസുകൾ കടന്നുപോയിരുന്നെങ്കിലും ഇപ്പോൾ റോഡ് മോശമായതിനെത്തുടർന്നു സർവീസ് നടത്തുന്നില്ല.
വാഹന ഉടമകൾ തങ്ങളുടെ വാഹനങ്ങൾ മറ്റു വീടുകളിലും പ്രധാന പാതയോരത്തും പള്ളി കോമ്പൗണ്ടിലുമൊക്കെയാണ് സൂക്ഷിക്കുന്നത്. പ്രായമായവരും രോഗികളും വിദ്യാർഥികളും വാഹനസൗകര്യമില്ലാത്തതിനാൽ ഏറെ ദുരിതത്തിലായിരിക്കുകയാണ്.
നിരവധിത്തവണ പരാതി നൽകിയിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും വഞ്ചിമല പ്രദേശവാസികൾ ആവശ്യപ്പെട്ടു.