എരുമേലിയില്‍ തീര്‍ഥാടകരെത്തി; ഇനി പേട്ടതുള്ളല്‍
1479236
Friday, November 15, 2024 5:27 AM IST
കോട്ടയം: മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കി എരുമേലിയില്‍ ഇനി പേട്ടകെട്ടിന്റെ തിരക്ക്. ശബരിമല മണ്ഡലകാലത്ത് തീര്‍ഥാടകര്‍ എരുമേലിയില്‍ പേട്ടതുള്ളിയശേഷമാണ് പമ്പയിലേക്കും തുടര്‍ന്ന് സന്നിധാനത്തിലേക്കും യാത്രയാകുന്നത്. എരുമേലിയിലെത്തി കൊച്ചമ്പലത്തില്‍നിന്നു ശരക്കോലുകളും വാളുകളും ഗഥകളുമേന്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ വാവരുപള്ളിയിലെത്തി വലം വച്ചശേഷമാണ് പ്രധാന പാതയിലൂടെ വലിയമ്പലത്തിലേക്കു പോവുക.
അനുഷ്ഠാനങ്ങള്‍ക്കു ശേഷം ക്ഷേത്രാങ്കണത്തിലെ വലിയതോട്ടിലും കൊരട്ടിയാറ്റിലും കുളിച്ച് ശുദ്ധിവരുത്തി. പേട്ടതുള്ളലിനുശേഷം അഴുത, കാളകെട്ടി കാനനപാതയിലൂടെ നടന്നുപോകുന്നവരുമുണ്ട്.
ഏറെപ്പേരും കണമല, നിലയ്ക്കല്‍ വഴി പമ്പയിലേക്ക് വാഹനങ്ങളിലെത്തുകയാണ് പതിവ്. ഇന്നു മുതല്‍ എരുമേലി രാപകല്‍ ജനസാന്ദ്രമാകും. രാപകല്‍ തീര്‍ഥാടരുടെ വരവും പാര്‍ക്കിംഗ്, വ്യാപാരത്തിരക്കുമൊക്കെയായി എരുമേലി ജനങ്ങളാല്‍ നിറയും.
എരുമേലിയിലേക്കുള്ള എല്ലാ പാതകളിലും വാഹനങ്ങളുടെ തിരക്കേറും. സീസണ് പ്രമാണിച്ച് എരുമേലിയില്‍ താത്കാലിക ഹോട്ടലുകളും വിശ്രമകേന്ദ്രങ്ങളും ഒരുങ്ങി. മകരവിളക്കു സീസണ് വരെ ഒരു കോടിയിലേറെ തീര്‍ഥാടകര്‍ എരുമേലിയില്‍ പേട്ടതുള്ളുക പതിവാണ്.