ശരണമന്ത്രങ്ങളിലാണ് ഇനി എരുമേലി: ഇന്ന് മെഗാ ശുചീകരണം
1479243
Friday, November 15, 2024 5:42 AM IST
എരുമേലി: എരുമേലിയിൽ ഇനി ശരണമന്ത്രങ്ങളുടെ ദിവസങ്ങൾ. തീർഥാടകർക്ക് സൗകര്യങ്ങൾ ക്രമീകരിക്കുന്നതിന്റെ ഒരുക്കങ്ങളിലാണ് സർക്കാർ വകുപ്പുകൾ. ഇന്നലെ പോലീസ് എയ്ഡ് പോസ്റ്റും കൺട്രോൾ റൂമും പ്രവർത്തനം തുടങ്ങി. ഇന്ന് റവന്യു കൺട്രോൾ റൂം തുടങ്ങും. ഫയർഫോഴ്സ് സ്റ്റേഷൻ യൂണിറ്റ് ഇന്നാരംഭിക്കും. റോഡ് സേഫ് സോൺ ഓഫീസും ഇന്നു പ്രവർത്തനം തുടങ്ങും. എക്സൈസ് സ്പെഷൽ ഓഫീസിന്റെ പ്രവർത്തനവും കെഎസ്ആർടിസി സ്പെഷൽ സർവീസും ആരംഭിച്ചു.
ആരോഗ്യവകുപ്പിന്റെ താവളം ആശുപത്രികളുടെ ഉദ്ഘാടനം ഇന്നു രാവിലെ 9.30ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിക്കും. തമിഴ്നാട്ടിൽനിന്നുള്ള വിശുദ്ധി സേനയുടെ ശുചീകരണ സേവനം ഇന്നുമുതൽ ആരംഭിക്കും.
ഇവർക്ക് യൂണിഫോം വസ്ത്രങ്ങൾ ഇന്ന് നൽകും. രാവിലെ ആശുപത്രി ഉദ്ഘാടനത്തിന് ശേഷം വിപുലമായ ശുചീകരണം ടൗൺ പരിസരങ്ങളിൽ നടത്തുമെന്ന് ഹെൽത്ത് വിഭാഗം അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് പ്രതിനിധികൾ, ഭക്ഷ്യ സുരക്ഷാ വിഭാഗം എന്നിവയുടെ സേവനം അടുത്ത ദിവസം മുതലുണ്ടാകും. എരുമേലി പേട്ടക്കവല റോഡിൽ ഇന്നുമുതൽ വൺവേ ട്രാഫിക് ഏർപ്പെടുത്താനാണ് പോലീസ് ആലോചിക്കുന്നത്.
അതീവ അപകട മേഖലയായ കണമല ഇറക്കം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി രാത്രിയിൽ ഡ്രൈവർമാർക്ക് ചൂട് ചുക്കുകാപ്പി നൽകുന്നതിനുള്ള സേവന യൂണിറ്റ് ഇന്നലെ ആരംഭിച്ചു. ഇറക്കത്തിൽ വാഹന വേഗം കുറയാൻ വേണ്ടി വാഹനങ്ങൾ ചെക്ക് പോസ്റ്റിലും അട്ടി വളവിന് മുന്പിലും തടഞ്ഞു നിർത്തിയ ശേഷമാണ് കടത്തിവിടുക.
ചരക്കുവാഹനങ്ങളുടെ ഗതാഗതം നിയന്ത്രണ വിധേയമാക്കാൻ നിർദേശമുണ്ട്. എരുമേലി ടൗൺ പരിസരങ്ങളിലെ കുടിവെള്ളങ്ങളുടെ സാമ്പിളുകൾ കഴിഞ്ഞ ദിവസം ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ ശേഖരിച്ചു പരിശോധനയ്ക്ക് നൽകിയിരുന്നു. ഇതിന്റെ റിസൽട്ട് ലഭിക്കുന്നതോടെ തുടർനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം മന്ത്രി ഉദ്ഘാടനം ചെയ്ത ടൗണിന് സമീപം ഹൗസിംഗ് ബോർഡ് വക സ്ഥലത്തെ പാർക്കിംഗ് കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് അന്തിമ ഘട്ടത്തിലാണ്. താത്കാലിക ശുചിമുറികൾ ഇവിടെ സ്ഥാപിച്ചു. ഒപ്പം വഴിവിളക്കുകൾ റോഡിലുടനീളം സ്ഥാപിച്ചിട്ടുണ്ട്.
ദേവസ്വം ശുചിമുറികൾ തുറന്നില്ല
ലേലം മുടങ്ങിയതിനാൽ ദേവസ്വം ബോർഡിന്റെ 350ഓളം ശുചിമുറികൾ, പാർക്കിംഗ് ഗ്രൗണ്ടുകൾ എന്നിവയുടെ പ്രവർത്തനം ഇനിയും ആരംഭിച്ചിട്ടില്ല. ഉയർന്ന നിരക്ക് പറ്റില്ലെന്ന് അറിയിച്ച് ലേലത്തിൽ പങ്കെടുക്കാതെ നിസഹകരണത്തിലാണ് കരാറുകാർ. ലേലം പിടിക്കാൻ ആളുകൾ വിസമ്മതിച്ചതോടെ നിലവിൽ പാർക്കിംഗ് ഗ്രൗണ്ടുകളും ശുചിമുറികളും ദേവസ്വം ബോർഡ് നേരിട്ട് നടത്തേണ്ടി വരുന്ന സാഹചര്യത്തിലാണ്.