പ്രമേഹത്തിനെതിരേ നമുക്കൊന്നിച്ചു നടക്കാമെന്ന ആഹ്വാനവുമായി മേരിക്വീൻസ് വാക്കത്തോൺ
1479240
Friday, November 15, 2024 5:42 AM IST
കാഞ്ഞിരപ്പള്ളി: പ്രമേഹമെന്ന മഹാമാരിക്കെതിരേ നമുക്കൊന്നിച്ചു നടന്നു തുടങ്ങാമെന്ന ആഹ്വാനവുമായി ലോക പ്രമേഹദിനത്തിൽ കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാക്കത്തോൺ ശ്രദ്ധേയമായി. കാഞ്ഞിരപ്പള്ളി ഇരുപത്താറാംമൈലിൽനിന്ന് ആരംഭിച്ച വാക്കത്തോൺ ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനിൽകുമാർ വാക്കത്തോൺ ഫ്ലാഗ് ഓഫ് നിർവഹിച്ച ചടങ്ങിൽ ദേശീയ കായിക താരവും സാഫ് ഗെയിംസ് വെങ്കല മെഡൽ ജേതാവും കാഞ്ഞിരപ്പളളി പാറത്തോട് സ്വദേശിയുമായ ജൂവൽ തോമസിനെ ആദരിച്ചു.
ജീവിതശൈലീ രോഗങ്ങളിലൊന്നായ പ്രമേഹബാധിതരുടെ എണ്ണത്തിൽ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്നും കൃത്യമായ മരുന്നുകൾക്കൊപ്പം ദിവസേനയുള്ള ശരിയായ വ്യായാമമുറകളിലൂടെ പ്രമേഹത്തെ നിയന്ത്രിക്കുകയെന്ന ലക്ഷ്യം നമുക്ക് കൈവരിക്കാനാകുമെന്നും അതിനുള്ള ബോധവത്കരണ പ്രവർത്തനങ്ങളിൽ ഒപ്പമുണ്ടാകുമെന്നും അധ്യക്ഷ പ്രസംഗത്തിൽ ആശുപത്രി ഫിനാൻസ് അഡ് മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐ പറഞ്ഞു.
പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, പഞ്ചായത്തംഗങ്ങളായ സിന്ധു, സിയാദ്, ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. സിറിൽ തളിയൻ സിഎംഐ, വോയിസ് ഓഫ് അമൽജ്യോതി റേഡിയോ പ്രോഗ്രാം ഡയറക്ടർ ഫാ. ജോമി കൂമ്പുക്കാട്ട്, സെന്റ് ഡൊമിനിക് കോളജ് കായികവിഭാഗം മേധാവി പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.