കോട്ടയം മത്സര വള്ളംകളി : ആവേശത്തുഴച്ചിലിന് നാളെ താഴത്തങ്ങാടി ആറ്റില്‍ തുടക്കം
1479229
Friday, November 15, 2024 5:26 AM IST
ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ സംസ്ഥാനതല ഉദ്ഘാടനവും നടക്കും
കോട്ടയം: ഓളപ്പരപ്പില്‍ ആവേശത്തുഴച്ചിലിന് നാളെ താഴത്തങ്ങാടി ആറ്റില്‍ തുടക്കമാകും. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ സംസ്ഥാനതല ഉദ്ഘാടനവും 123-ാമത് കോട്ടയം മത്സര വള്ളംകളിയുടെ ഉദ്ഘാടനവും മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. കളക്ടര്‍ ജോണ്‍ വി.സാമുവല്‍ പതാക ഉയര്‍ത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മാലിന്യമുക്ത പ്രതിജ്ഞ ചെയ്യും. ഫ്രാന്‍സിസ് ജോര്‍ജ് എംപി ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ജില്ല പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് സമ്മാനദാനം നിര്‍വഹിക്കും.
സ്റ്റില്‍ സ്റ്റാര്‍ട്ടിംഗ് സംവിധാനം, മൂന്ന് ട്രാക്കുകള്‍, ഫോട്ടോ ഫിനിഷിംഗ്, റിമോട്ട് മാഗ്നെറ്റിക് ടൈമിംഗ് സിസ്റ്റം എന്നിവ വള്ളംകളിയില്‍ ക്രമീകരിച്ചിട്ടുണ്ട്. മുഖ്യപവലിയനില്‍ 400 പേര്‍ക്ക് ഇരുന്ന് വള്ളംകളി കാണാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വള്ളംകളിക്ക് പ്രാരംഭമായി ഇന്നു രാത്രി ഏഴിന് വഞ്ചിപ്പാട്ട് മത്സരം സംഘടിപ്പിക്കും.
ഉദ്ഘാടനവേളയിലും ഇടവേളകളിലും വള്ളംകളിയുടെ മാറ്റുകൂട്ടാന്‍ നൃത്തരൂപങ്ങള്‍, ശിങ്കാരിമേളം, ജല അഭ്യാസപ്രകടനങ്ങള്‍ എന്നിവയുമൊരുക്കും. പത്രസമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കോട്ടയം വെസ്റ്റ് ക്ലബ് പ്രസിഡന്റ് കെ.ജി. കുര്യച്ചന്, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. കെ.സി. ജോര്‍ജ്, കോ-ഓര്‍ഡിനേറ്റര്‍മാരായ ലിയോ മാത്യു, സുനില്‍ ഏബ്രഹാം, കോട്ടയം വെസ്റ്റ് ക്ലബ് സെക്രട്ടറി അനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഗതാഗത ക്രമീകരണം
നാളെ ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ ആറുപുഴ-ആലുംമൂട്-കുളപ്പുര റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യവാഹനങ്ങള്‍ ഉപ്പൂട്ടിക്കവല, ഇടക്കാട്ടുപള്ളി റോഡരികിലും ഇല്ലിക്കല്‍ മൈതാനത്തും പാര്‍ക്കിംഗ് ചെയ്യണം.
വള്ളംകളിക്ക് തടസമായി ആറ്റില്‍ മറ്റ് വള്ളങ്ങളോ, ബോട്ടുകളോ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല. തടസം സൃഷ്ടിക്കുന്ന ജല വാഹനങ്ങളെ പോലീസ് നീക്കം ചെയ്യും.