24 കിലോ ചന്ദനത്തടിയുമായി ചങ്ങനാശേരിയില്‍ രണ്ടുപേര്‍ പിടിയില്‍
1479271
Friday, November 15, 2024 5:56 AM IST
ചങ്ങനാശേരി: നഗരത്തില്‍ 24 കിലോ ചന്ദനത്തടിയുമായി രണ്ട് പേര് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി. ചങ്ങനാശേരി മാന്തുരുത്തി വള്ളിമല വിദ്യനിവാസില്‍ കെ.ആര്. രഞ്ജിത്ത് (40), പായിപ്പാട് പി.സി. കവല ശുഭാനിവാസില്‍ കെ.ബി. സുധീഷ് (42) എന്നിവരാണ് പിടിയിലായത്.
റാന്നി ഫോറസ്റ്റ് ഫ്ലയിംഗ് സ്ക്വാഡ്, ഫോറസ്റ്റ് ഇന്റലിജന്‍സ്, കരിക്കുളം ഫോറസ്റ്റ് റേഞ്ച് വിഭാഗങ്ങളുടെയും സംയുക്ത പരിശോധനയിലാണ് ഇരുവരേയും അറസ്റ്റ് ചെയ്യുകയും ചന്ദനം പിടിച്ചെടുക്കുകയും ചെയ്തത്.
ഇന്നലെ രാത്രി 7.30ന് കവിയൂര്‍ റോഡില്‍ രാജേശ്വരി കോംപ്ലക്സിനു സമീപമായിരുന്നു സംഭവം. കാറിനുള്ളില്‍ ചാക്കിലാക്കിയാണ് ചന്ദനം കടത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് മഫ്തിയിലെത്തിയ ഫോറസ്റ്റ് സംഘമാണ് പിടികൂടിയത്. പന്തളം വലിയകോയിക്കലിനു സമീപമുള്ള സ്വകാര്യവ്യക്തിയുടെ വളപ്പില്‍നിന്ന ചന്ദനമരത്തിലെ തടിയാണിതെന്നാണ് ഇവര്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയത്.
വീടിന്റെ കോണ്‍ട്രാക്ട് ജോലി പൂര്‍ത്തിയാക്കിയതിനു സ്വകാര്യവ്യക്തി പ്രതിഫലമായി ചന്ദനത്തടി നല്‍കിയതാണെന്നും പറഞ്ഞു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കും.