മുനമ്പം: സര്‍വകക്ഷിയോഗം വിളിക്കണമെന്ന് മോന്‍സ് ജോസഫ് എംഎൽഎ
1479235
Friday, November 15, 2024 5:27 AM IST
കോട്ടയം: മുനമ്പം പ്രശ്നപരിഹാരത്തിനു സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയാറാകണമെന്നു കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.
മുനമ്പം നിവാസികളുടെ പ്രശ്നത്തെ പരിഹരിക്കുന്നതിനുപകരം വിഷയത്തില്‍ വര്‍ഗീയത ചാലിച്ചു രാഷ്ട്രീയമുതലെടുപ്പിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതു നിര്‍ഭാഗ്യകരമാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യംപ്രഖ്യാപിച്ചു കോട്ടയം നഗരത്തില്‍ നടന്ന മുനമ്പം ജ്വാല പ്രയാണം തിരിതെളിച്ചു ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പവിത്രമായ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്ന കേരള മണ്ണില്‍ വര്‍ഗീയത വിളമ്പാനുള്ള നീക്കത്തിനെതിരേ സര്‍ക്കാര്‍ ജാഗ്രത പാലിക്കണം. പരമ്പരാഗതമായും നിയമപരമായും മുനമ്പം നിവാസികള്‍ സ്വന്തമാക്കിയിരിക്കുന്ന ഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ഓഫീസില്‍നിന്നു ഗാന്ധിജിയുടെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള യാത്ര ഗാന്ധിസ്ക്വയറില്‍ എത്തിയപ്പോള്‍ പ്രത്യേകം തയാറാക്കിയ പീഠത്തില്‍ തിരി തെളിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ് ഒഴുകയില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സെക്രട്ടറി ജനറല്‍ മുൻ എംപി ജോയ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
ഡെപ്യൂട്ടി ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ് എംപി, കെ.എഫ്. വര്‍ഗീസ്, തോമസ് കണ്ണന്തറ, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, പ്രിന്‍സ് ലൂക്കോസ്, വി.ജെ.ലാലി, പി.സി. മാത്യു, എ.കെ. ജോസഫ്, സന്തോഷ് കാവുകാട്ട്, ബിനു ചെങ്ങളം, ചെറിയാന് ചാക്കോ, അജിത്ത് മുതിരമല തുടങ്ങിയവർ പ്രസംഗിച്ചു.