പാലാ ജൂബിലി കുരിശുപള്ളി ഇനി പുതുമോടിയില്‍
1479232
Friday, November 15, 2024 5:26 AM IST
കോട്ടയം: പാലായുടെ അഭിമാന ഗോപുരം ജൂബിലി കുരിശുപള്ളി ഇനി പുതുമോടിയില്‍ പ്രകാശിതമാകും. ഡിസംബര്‍ എട്ടിന് നടക്കുന്ന അമലോത്ഭവമാതാവിന്റെ ജൂബിലി തിരുനാളിനു മുമ്പായി നവീകരണം പൂര്‍ത്തിയാകും. കഴിഞ്ഞ നാലു മാസമായി നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. 69 വര്‍ഷങ്ങള്‍ക്കു മുമ്പ് കരിങ്കല്ലില്‍ പണിതീര്‍ത്ത കുരിശുപള്ളി നിര്‍മാണത്തിനു ശേഷം കാര്യമായ നവീകരണം നടത്തിയിട്ടില്ല.
കരിങ്കല്ലുകള്‍ ചേര്‍ന്നിരിക്കുന്ന ഭാഗത്തു രൂപപ്പെട്ട വിടവുകള്‍ നികത്തുകയും പായലും ചെളിയും കറയും നീക്കം ചെയ്യുകയുമാണ് പ്രധാനമായും ചെയ്തിരിക്കുന്നത്. ഇതു കൂടാതെ രാത്രിയില്‍ പള്ളി കൂടുതല്‍ പ്രാകാശപൂരിതമാകുന്നതിനായി അത്യാധുനിക രീതിയിലുള്ള എല്‍ഇഡി സാങ്കേതിവിദ്യയിലുള്ള ഇലുമിനേഷന്‍ നടത്തുന്നുണ്ട്.
ഇതാണ് പൂര്‍ത്തിയാകാനുള്ളത്. കുരിശുപള്ളിയുടെ മുന്‍ ഭാഗത്തെയും തെക്കു ഭാഗത്തെയും വൈദ്യുതീകരണം പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം ഇതിന്റെ പരീക്ഷണം നടത്തിയിരുന്നു. എല്‍ഇഡി ശോഭയില്‍ പ്രകാശിതമായ കുരിശുപള്ളിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. കുരിശുപള്ളിയുടെ മുകളില്‍ നാലു വശങ്ങളിലുമുള്ള വലിയ ക്ലോക്കിലെ ഉച്ചത്തിലുള്ള മണിനാദവും മരിയസ്തുതി ഗീതവും പാലായുടെയും പാലക്കാരുടെയും ആനന്ദ സങ്കീര്‍ത്തനങ്ങളാണ്.
പാലാ കത്തീഡ്രല്‍, ളാലം പഴയപള്ളി, ളാലം പുത്തന്‍പള്ളി എന്നീ മൂന്ന് ഇടവകകളുടെയും സംയുക്ത കുരിശുപള്ളിയാണ് പാലാ ടൗണ്‍ കുരിശുപള്ളി. പാലായുടെ ദേശീയ ഉത്സവമാണ് ഡിസംബര്‍ എട്ടിനു നടക്കുന്ന കുരിശുപള്ളിയിലെ ജൂബിലി തിരുനാള്‍ ആഘോഷം. കൊടിതോരണങ്ങളാലും മുത്തുക്കുടകളാലും വൈദ്യുതി ദീപാലങ്കാരങ്ങളാലും കുരിശുപള്ളിയും പാലാ ടൗണ്‍ മുഴുവനും ഈ ദിവസങ്ങളില്‍ അലങ്കരിക്കും. ദൂരദേശങ്ങളില്‍നിന്നു പോലും ആളുകള്‍ തിരുനാളില്‍ പങ്കെടുക്കാനായി എത്തും.
ഇത്തവണ ഏഴ്, എട്ട് തീയതികളിലാണ് ജൂബിലി തിരുനാള്‍ ആഘോഷം. ഏഴിനു രാവിലെ മരിയന്‍ റാലിയും ഉച്ചകഴിഞ്ഞ് 2.30ന് സാംസ്കാരിക ഘോഷയാത്രയും ഫാന്‍സീഡ്രസ്, ബൈബിള്‍ ടാബ്ലോ മത്സരങ്ങളും നടക്കും. എട്ടിന് പ്രസിദ്ധമായ പട്ടണ പ്രദക്ഷിണം. തിരുനാളിന്റെ ഭാഗമായി സിവൈഎംഎല്‍ സംഘടിപ്പിക്കുന്ന നാടകമേള ഡിസംബര്‍ ഒന്നിനു തുടങ്ങും. ഫുട്ബോള്‍ മേള, വ്യാപാരികളുടെ നേതൃത്വത്തില്‍ ഫുഡ് ഫെസ്റ്റ്, അമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങിയവും തിരുനാളിന്റെ ഭാഗമായുണ്ട്.