പുതിയ പദ്ധതി നേട്ടമാകും മീനച്ചിലാര്‍ ഇനി വറ്റില്ല
1479230
Friday, November 15, 2024 5:26 AM IST
കോട്ടയം: മഴക്കാലത്ത് തുടര്പ്രളയങ്ങള്. ഒരാഴ്ച മഴ നിലച്ചാല്‍ ഇടമുറിയും. വേനലില്‍ വറ്റിവരളും. ഏറെയിടങ്ങളിലും ആഴവും വീതിയും കുറവുള്ള മീനച്ചിലാറിന്റെ ഈ പരിമിതിക്ക് പരിഹാരമാവുകയാണ്. പന്ത്രണ്ടു മാസവും ജലസമൃദ്ധി ഉറപ്പാക്കുന്ന മീനച്ചില്‍ നദീതടപദ്ധതി. മീനച്ചില്‍, കോട്ടയം, ചങ്ങനാശേരി താലൂക്കുകളില്‍ കുടിവെള്ളവും ജലസേചനവും ലക്ഷ്യമിടുന്നു.
അടുക്കത്ത് അണക്കെട്ട് നിര്‍മിക്കാനുള്ള പദ്ധതിക്കെതിരേ പരക്കെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മൂലമറ്റം പവര്‍ ഹൗസില്‍നിന്നു തള്ളുന്ന അധികം വെള്ളം മീനച്ചിലാറ്റിലേക്ക് ഒഴുക്കാനുള്ള പദ്ധതി. മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്നതും താരതമ്യേന ചെലവു കുറഞ്ഞതുമായ പദ്ധതിയാണിത്.
പദ്ധതി ഇങ്ങനെ
അറക്കുളം മൂന്നുങ്കവയലില്‍ ചെക്ഡാം പണിത് അവിടെനിന്ന് 500 മീറ്റര്‍ കനാല്‍ വെട്ടിയെത്തിക്കുന്ന വെള്ളം 6.5 കിലോമീറ്റര്‍ ടണല്‍ നിര്‍മിച്ച് മൂന്നിലവ് പഞ്ചായത്തിലെത്തിക്കും.
അവിടെനിന്ന് 200 മീറ്റര്‍ കനാല്‍ പണിത് ജലം കടപുഴയിലെത്തിച്ച് മീനച്ചിലാറ്റിലൂടെ ഒഴുക്കും.
കുടിവെള്ളക്ഷാമം പരിഹരിക്കാനും താഴ്ന്ന മേഖലയില്‍ വേനലില്‍ ഓരുവെള്ളം കയറുന്നതു തടയാനും പദ്ധതി ഉപകരിക്കും.