നാഷണല്‍ ഇന്റര്‍ മൊബിലിറ്റി ഐഡിയത്തണില് റണ്ണര്‍ അപ്പ് സ്ഥാനം നേടി സെന്റ്ഗിറ്റ്സ് ടീം
1479309
Friday, November 15, 2024 7:11 AM IST
കോട്ടയം: ടെക്നോവസ്, എആർഎഐ (ARAI) അക്കാദമി എന്നിവയുടെ സഹകരണത്തോടെ ഓട്ടോമോട്ടീവ് റിസേര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യ (എആര്‍എഐ) പൂനെയില്‍ സംഘടിപ്പിച്ച ദേശീയ ഐഡിയത്തോണ്‍ ഇന്റര്‍ മൊബിലിറ്റി ഐഡിയത്തണ് മത്സരത്തില്‍ രണ്ടാംസ്ഥാനം സെന്റ്ഗിറ്റ്സ് എന്‍ജിനീയറിംഗ് കോളജ് ടീമിന് ലഭിച്ചു.
കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളായ ഷോണ്‍ എ. ചിറപ്പുറം, മാത്യു ജോര്‍ജ് ചുങ്കത്തില്‍, കൃഷ്ണ മല്യത്ത് എന്നിവരാണ് കാല്‍നടയാത്രികര്‍ക്ക് സുരക്ഷയൊരുക്കുന്ന ആശയം ആവിഷ്കരിച്ച് 15,000 ക്യാഷ് പ്രൈസും ട്രോഫിയും നേടിയത്. കോളജിലെ ഇന്നൊവേഷന് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ്സെന്റര്‍ ഭാരവാഹികളായ വിദ്യാര്‍ഥികളാണ് വിദഗ്ധരുടെ പാനലിന് മുമ്പാകെ അവതരിപ്പിച്ചത്.
ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റന്‍സ്, ഹെവി വാഹനങ്ങള്‍ക്കുള്ള ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റക്ഷന്‍, ഇരുചക്ര വാഹനങ്ങള്‍ക്കുള്ള അഡ്വാന്‍സ്ഡ് റൈഡര്‍ അസിസ്റ്റന്‍സ് തുടങ്ങിയ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങളുടെ സാധ്യത, നവീകരണം, സ്കേലബിലിറ്റി എന്നിവയെക്കുറിച്ചുള്ള വിലയിരുത്തലായിരുന്നു ഐഡിയത്തോണ്‍.