പേറ്റന്റുകളുടെ പ്രദര്‍ശനമൊരുക്കാന്‍ എംജി യൂണിവേഴ്സിറ്റി
1479237
Friday, November 15, 2024 5:27 AM IST
കോട്ടയം: വിവിധ ശാസ്ത്ര ഗവേഷണ മേഖലകളില്‍ എംജി സര്‍വകലാശാല പേറ്റന്റ് നേടിയ കണ്ടുപിടിത്തങ്ങളുടെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കാന്‍ സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് ഏറ്റവുമധികം പേറ്റന്റുകളുള്ള സര്‍വകലാശാലകളിലൊന്നാണ് എംജി. കൃഷി, വ്യവസായം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളില്‍ പ്രയോജനകരമാകുന്ന കണ്ടുപിടിത്തങ്ങള്‍ അറിയുന്നതിന് പൊതുജനങ്ങള്‍ക്കും ഗവേഷണ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്കും അവസമൊരുക്കുകയാണ് പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ഗ്ലോബല്‍ അക്കാദമിക് കാര്‍ണിവല്‍ സംഘടിപ്പിക്കും.
ഏപ്രില്‍, മേയ് മാസങ്ങളില്‍ സര്‍വകലാശാലയിലെയും കോളജുകളിലെയും ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനായി വിവിധ കേന്ദ്രങ്ങളില്‍ താത്കാലിക ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ തുറക്കുന്നതിനും സര്‍വകാലാശാലയുടെ സമൂഹ മാധ്യമ വിഭാഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ മീഡിയ സെല്‍ രൂപീകരിക്കുന്നതിനും സിന്‍ഡിക്കറ്റ് യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ അധ്യക്ഷത വഹിച്ചു.