അഴീക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന് 15 ലക്ഷം
1569237
Sunday, June 22, 2025 2:19 AM IST
കായംകുളം: കെ.സി. വേണുഗോപാൽ എംപിയുടെ അഭ്യർഥനപ്രകാരം ഐആർഇ സാമൂഹ്യ സുരക്ഷാ ഫണ്ടിൽനിന്ന് അഴീക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന് 15 ലക്ഷം രൂപ അനുവദിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ ഉപകരണങ്ങൾ വാങ്ങുന്നതിനുമായാണ് തുക അനുവദിച്ചിരിക്കുന്നത്.
സാമൂഹ്യ സുരക്ഷാ ഫണ്ടിൽ നിന്നു ധനസഹായം ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എംപി ഐആർഇക്ക് നേരത്തേ കത്തു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. സ്തനാർബുദ പരിശോധനയ്ക്കുള്ള ഉപകരണത്തിനായി 6 ലക്ഷം രൂപയും അഞ്ച് ഓക്സിജൻ കോൺസൺട്രേറ്ററുകൾക്കായി 4,25,000 രൂപയും നെബുലൈസർ, വാട്ടർ ബെഡ്, ഗ്ലൂക്കോമീറ്റർ സ്ട്രിപ്പ് എന്നീ മെഡിക്കൽ ഉപകരണങ്ങൾക്കായി 46,900 രൂപയും വകയിരുത്തിയിട്ടുണ്ട്. ശേഷിക്കുന്ന തുക കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള ലാപ്ടോപ്പുകൾക്കും ഓഫീസ് ഉപകരണങ്ങൾക്കുമായി വകയിരുത്തി.
ആശുപത്രികളുടെ നവീകരണം, ആരോഗ്യ മേഖലയിൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി ഇത്തരത്തിൽ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് സാമൂഹ്യ സുരക്ഷാ ഫണ്ടുകൾ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.