കുടിവെള്ളം കിട്ടാനില്ല; പാഴാക്കാൻ ധാരാളം
1535862
Sunday, March 23, 2025 11:43 PM IST
അമ്പലപ്പുഴ: സംസ്ഥാനം വേനല്‍ച്ചൂടില്‍ വെന്തുരുകുകയാണ്. ഒപ്പം കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്നു. എന്നാല്‍, പാഴാക്കാന്‍ ധാരാളം വെള്ളമുണ്ടുതാനും. ദേശീയപാതാ നിര്‍മാണം നടക്കുന്ന പുറക്കാട് കരൂര്‍ അയ്യന് കോയിക്കല്‍ ക്ഷേത്രത്തിന് മുന്നില്‍ കുളിക്കാന്‍ പാകത്തിലാണ് റോഡിലും ക്ഷേത്ര പരിസരത്തും കുടിവെള്ളം കെട്ടിക്കിടക്കുന്നത്. മൂന്നു ദിവസം മുന്‍പാണ് ദേശീയപാതാ നിര്‍മാണത്തിനിടെ ഇവിടെ പൈപ്പ് ലൈന്‍ പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയത്. പഴയ പൈപ്പ് ലൈന്‍ മാറ്റി പുതിയത് സ്ഥാപിച്ചിരുന്നു. ഈ പൈപ്പ് ലൈനാണ് പൊട്ടിയത്. പൈപ്പ് ലൈന്‍ പൊട്ടി കുടിവെള്ളം വന്‍തോതില്‍ പാഴാകുന്നത്.
നാട്ടുകാര്‍ ദേശീയപാതാ നിര്മാണമേറ്റെടുത്തിരിക്കുന്ന സ്വകാര്യ കരാര്‍ കമ്പനിയെ അറിയിച്ചു. ഇപ്പോള്‍ ശരിയാക്കാമെന്ന മറുപടി ലഭിച്ചെങ്കിലും മൂന്നു ദിവസം കഴിഞ്ഞിട്ടും ഇതിന്റെ അറ്റകുറ്റപ്പണി നടത്തിയില്ല. പ്രദേശത്തെ 300 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ് ലൈന്‍ പൊട്ടിയതോടെ നാട്ടുകാര്‍ ഈ കടുത്തവേനലിലും പണം കൊടുത്ത് കുടിവെള്ളം വാങ്ങേണ്ട അവസ്ഥയിലാണ്. വെള്ളച്ചാട്ടത്തിന് സമാനമായ രീതിയിലാണ് പമ്പിംഗ് സമയത്ത് കുടിവെള്ളം പാഴാകുന്നത്.
കുടിവെള്ളത്തിനായി നാട്ടുകാര്‍ തെക്കുവടക്ക് ഓടുമ്പോള്‍ അധികൃതരുടെ അനാസ്ഥമൂലം പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളമാണ് പാഴാകുന്നത്. ഇത്തരത്തില്‍ പൈപ്പ്ലൈന് പൊട്ടിയാല്‍ തകരാർ പരിഹരിക്കേണ്ട ചുമതല ദേശീയപാതാ നിര്‍മാണം ഏറ്റെടുത്തിരിക്കുന്ന കമ്പനിയാണ് ചെയ്യേണ്ടത്.
എന്നാല്‍, കമ്പനി അറ്റകുറ്റപ്പണി ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരും തയാറായിട്ടില്ല. ഇതോടെ ജനം ഉപയോഗിക്കേണ്ട കുടിവെള്ളം ഓരോ ദിവസവും വന്‍തോതിലാണ് പാഴാകുന്നത്.