ഗുരുതര അഴിമതിയില്‍നിന്നു രക്ഷനേടാൻ വിഴിഞ്ഞത്ത് മോദി-പിണറായി ബാന്ധവം: എം.എം. ഹസന്
1548489
Wednesday, May 7, 2025 12:14 AM IST
ആലപ്പുഴ: വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വത്തെക്കുറിച്ച് സിപിഎം തര്‍ക്കം ഉന്നയിക്കേണ്ടതില്ല അത് കുഞ്ഞൂഞ്ഞിന്റെ കുഞ്ഞാണെന്ന് കണ്‍വീനര്‍ എം.എം. ഹസന് പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം സംസ്ഥാനത്തിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമാക്കിയതും പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് അതില്‍ പങ്കെടുപ്പിച്ചതും മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള അതീവഗുരുതരമായ അഴിമതി ആരോപണങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ള അടവാണെന്നും എം.എം.ഹസന് കൂട്ടിച്ചേര്‍ത്തു.
മകള്‍ വീണാ വിജയന് എസ്എഫ്ഐഒയുടെ കേസില്‍ പ്രതിസ്ഥാനത്തുവരികയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേ സിബിഐ കേസെടുക്കുകയും ചെയ്തതിലൂടെ പിണറായിയുടെ കാലത്ത് അഴിമതിരാജ് ആണെന്ന് കേരളം തിരിച്ചറിഞ്ഞു എം.എം. ഹസന് പറഞ്ഞു.
വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ച മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.എം.ഏബ്രഹാമിനെ സംരക്ഷിക്കുന്ന, കരിമണല്‍ മാഫിയായില്നിന്ന് മാസപ്പടി കൈപ്പറ്റിയതിന്റെ പേരില്‍ എസ്എഫ്ഐഒ, എഫ്.ഐ.ആറില്‍ പ്രതിയായ മകള്‍ വീണാ വിജയനെ സംരക്ഷിക്കുന്ന, ലൈഫ് പദ്ധതിയിലെ അഴിമതിക്കു നേതൃത്വം കൊടുത്ത പ്രൈവറ്റ് സെക്രട്ടറി ശിവശങ്കരന് ജയിലില്‍ കിടന്നിട്ടും അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന പിണറായി രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എം. ഹസന്.
ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറിമാരായ എ.എ. ഷുക്കൂര്‍, എം.ജെ. ജോബ്, അഡ്വ.കെ.പി. ശ്രീകുമാര്‍, രാഷ്ട്രീയകാര്യ സമിതിയംഗം ജോണ്സണ് ഏബ്രഹാം, യുഡിഎഫ് കണ്‍വീനര്‍ സി.കെ. ഷാജിമോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.