ആരവമുയർത്തി എന്റെ കേരളം വിളംബരജാഥ
1548488
Wednesday, May 7, 2025 12:14 AM IST
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയുടെ വരവറിയിച്ച് നഗരത്തില്‍ ആയിരങ്ങള്‍ അണിനിരന്ന വിളംബര ജാഥ. ആറു മുതൽ 12 വരെ ആലപ്പുഴ ബീച്ചിലാണ് പ്രദര്‍ശനമേള നടക്കുന്നത്.
കളക്ടറേറ്റില്‍നിന്ന് വൈകിട്ട് 4.30ന് ആരംഭിച്ച ജാഥ മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ജാഥ പ്രദർശന നഗരിയായ ആലപ്പുഴ ബീച്ചിൽ സമാപിച്ചു.
കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളും അണിനിരന്ന ജാഥ നഗരവീഥികള്‍ക്ക് ഉത്സവഛായ പകര്‍ന്നു. പി.പി. ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, എഡിഎം ആശ സി. ഏബ്രഹാം, സബ് കളക്ടർ സമീർ കിഷൻ തുടങ്ങിയവര്‍ ജാഥയ്ക്കു നേതൃത്വം നൽകി.