അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു
1535859
Sunday, March 23, 2025 11:43 PM IST
ചേര്‍ത്തല: നൂറുകണക്കിനു വിശ്വാസികളുടെ പ്രാര്‍ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ റോമിൽനിന്ന് എത്തിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പ് അർത്തുങ്കൽ ബസിലിക്കയിൽ പ്രതിഷ്ഠിച്ചു. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പ് അര്‍ത്തുങ്കല്‍ ബസിലിക്കയിലെത്തിക്കുന്നതിനുമുമ്പായി ആലപ്പുഴ രൂപതയിലെ വിശുദ്ധന്റെ നാമധേയത്തിലുള്ള വിവിധ പള്ളികളിലും കപ്പേളകളിലും വിശ്വാസികള്‍ക്കായി തിരുശേഷിപ്പ് പ്രദര്‍ശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം 4.30 ഓടെ പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽനിന്നും ആലപ്പുഴ രൂപത വികാരി ജനറൽ മോണ്‍. ജോയ് പുത്തൻവീട്ടിന്റെയും, ഫാ. സെബാസ്റ്റ്യൻ ശാസ്താം പറമ്പിലിന്റെയും നേതൃത്വത്തിൽ അർത്തുങ്കൽ ദൈവാലയത്തിലേക്ക് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ തിരുശേഷിപ്പ് സാഘോഷം കൊണ്ടുവന്നു.
അർത്തുങ്കൽ ബസിലിക്കയുടെ തിരുമുറ്റത്ത് ആലപ്പുഴ രൂപത അധ്യക്ഷൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ ബസിലിക്ക റെക്ടർ ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിലും വൈദികരും സന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും തിരുശേഷിപ്പിന് സ്വീകരണം നൽകി. തുടർന്നുള്ള പ്രാർഥനാ ചടങ്ങിൽ ബസിലിക്ക റെക്ടർ ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിൽ സ്വാഗതം പറഞ്ഞു.
തുടർന്ന് റോമിമിലെ വിശുദ്ധ സെബസ്ത്യാനോസ് ബസിലിക്ക റെക്ടർ ഫാ. സ്തെഫാനോ തംബുരു, ഫാ. കർലോ ജൊവാനി എന്നിവരിൽ നിന്നും വിശുദ്ധന്റെ തിരുശേഷിപ്പ് ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പില്‍ ഏറ്റുവാങ്ങി പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കുവാനായി ഫാ. യേശുദാസ് കാട്ടുങ്കല്തയ്യിലിനെ ഏൽപ്പിച്ചു. തുടര്‍ന്ന് മോൺ. ജോയി പുത്തന്‍വീട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞത ബലിയർപ്പണം നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ വിശ്വാസികൾക്ക് തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.