വില്ലേജ് ഓഫീസിനെ സേവിച്ച താത്കാലിക ജീവനക്കാരിയെ പുറത്താക്കിയതായി പരാതി
1535857
Sunday, March 23, 2025 11:43 PM IST
മങ്കൊമ്പ്: കാവാലം വില്ലേജ് ഓഫീസിലെ താത്കാലിക ജീവനക്കാരിയെ മാനുഷിക പരിഗണനകളില്ലാതെ ഒഴിവാക്കി രാഷ്ട്രീയ നിയമനങ്ങള്‍ നടത്താനുള്ള നീക്കം വിവാദമാകുന്നു. 22 വര്‍ഷമായി താത്കാലിക തൂപ്പുകാരിയായി ജോലിചെയ്തു വരുന്ന കാവാലം കിഴക്കേ ചേന്നങ്കരി സ്വദേശി ലില്ലിക്കുട്ടി സെബാസ്റ്റ്യനെ ആസൂത്രിത നീക്കങ്ങളിലൂടെ പുറത്താക്കിയതായാണ് പരാതി. പകരം സിഡിഎസ് നേതാവിന്റെ അടുത്ത ബന്ധുവിനെയാണത്രേ നിയമിക്കുന്നത്.
കുടുംബത്തിലുണ്ടായ ദുരനുഭവങ്ങള്‍ മൂലം ഏതാനും മാസം ലില്ലിക്കുട്ടി ജോലിയില്‍നിന്നു വിട്ടുനിന്നിരുന്നു. അവധി അപേക്ഷ മേലുദ്യോഗസ്ഥര്‍ക്ക് എഴുതി നല്‍കുന്നതുസംബന്ധിച്ച് ചോദിച്ചപ്പോള്‍, അപേക്ഷയുടെയൊന്നും ആവശ്യമില്ലെന്നും ആറുമാസത്തിനുള്ളില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചാല്‍ മതിയാകുമെന്നുമാണത്രേ വില്ലേജ് ഓഫീസര്‍ അറിയിച്ചത്.
വില്ലേജ് ഓഫീസറുടെ വാക്ക് വിശ്വസിച്ച് 2024 സെപ്റ്റംബര്‍ 21 മുതല്‍ ലില്ലിക്കുട്ടി അവധിയെടുത്തു. പിന്നീട് സ്ഥലം മാറിപ്പോയ വില്ലേജ് ഓഫീസറുടെ അടുത്ത ഒരു ബന്ധുവിനെത്തന്നെ ആറുമാസത്തിനുള്ളില്‍ മാറിക്കൊടുക്കാമെന്ന ധാരണയോടെ ലില്ലിക്കുട്ടിയുടെ സ്ഥാനത്ത് ജോലിക്കായി നിയോഗിച്ചു. ആറുമാസത്തിലധികം അവധി നീണ്ടാല്‍ കുടുംബശ്രീവഴി പുതിയ ആളെ നിയമിക്കാനിടയുണ്ടെന്ന മുന്നറിയിപ്പും ലില്ലിക്കുട്ടിക്കു ലഭിച്ചു.
അവധിയിലായിരുന്ന സമയത്ത് ലില്ലിക്കുട്ടിയുടെ മകന് മരണമടഞ്ഞു. വൈദികനായിരുന്ന മകന്റെ മരണാനന്തര കര്‍മങ്ങള്‍ക്കുശേഷം ലില്ലിക്കുട്ടി തിരികെ ജോലിക്കായെത്തിയിരുന്നെങ്കിലും ഒന്നുരണ്ടു മാസത്തെ സാവകാശം കൂടി എടുത്തു മനസ് സ്വസ്ഥമാക്കി ജോലിക്കു വന്നാല്‍ മതിയെന്ന ഉപദേശമാണപ്പോള് ബന്ധപ്പെട്ടവര്‍ നല്‍കിയത്. അതനുസരിച്ച് ഈ മാസമാദ്യം വില്ലേജ് ഓഫീസിലെത്തിയപ്പോള്‍ കുട്ടനാട് തഹസീല്‍ദാരെ കണ്ടതിനുശേഷം ജോലിയില്‍ പ്രവേശിക്കാമെന്നുള്ള അനുഭാവപൂര്‍ണമായ സമീപനമായിരുന്നു പുതുതായി ചാര്‍ജെടുത്ത വില്ലേജ് ഓഫീസറുടേത്. പക്ഷേ, താലൂക്ക് ഓഫീസിലെത്തിയതോടെ കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിഞ്ഞു.
ജോലിയില്‍നിന്നു വിട്ടുനിന്ന സമയത്തെ ശമ്പളത്തിനു തുല്യമായ തുക ബന്ധപ്പെട്ടവരെ ഏല്പ്പിക്കുകയാണെങ്കില് ജോലിയില്‍ പുനഃപ്രവേശിപ്പിക്കുന്നതു പരിഗണിക്കാമെന്ന തരത്തിലുള്ള മറുപടിയാണ് ലില്ലിക്കുട്ടിക്കു ലഭിച്ചത്. വര്‍ഷങ്ങളുടെ സര്‍വീസുണ്ടെങ്കിലും താത്കാലിക നിയമനമായതിനാല്‍ എണ്ണായിരം രൂപ മാത്രമാണ് ലില്ലിക്കുട്ടിക്കു കിട്ടിക്കൊണ്ടിരുന്ന മാസശമ്പളം. എണ്ണായിരം വച്ച് ഏതാനും മാസത്തെ തുക ഒരുമിച്ചു പെട്ടെന്നു കണ്ടെത്തിയേല്പ്പിക്കുകയെന്നതു വിധവയും നിരാലംബയുമായ ലില്ലിക്കുട്ടിയെ സംബന്ധിച്ചു തീര്‍ത്തും അസാധ്യമായിരുന്നു.
ഏതുവിധേനയെങ്കിലും കടം വാങ്ങി പണം കൊടുത്താലത് പിന്നീട് തിരിച്ചുകിട്ടുമെന്ന കാര്യത്തിലൊരുറപ്പുനല്കാന് പോലും ആരും തയാറായില്ല. ഈ സാഹചര്യത്തില്‍ നിസഹായതയോടെ മടങ്ങുകയായിരുന്നു ലില്ലിക്കുട്ടി.
തൂപ്പുകാരിയെന്ന പദവിയേ ഉള്ളുവെങ്കിലും കാവാലം വില്ലേജ് ഓഫീസിന്റെ നവീകരണ വേളയിലും കെട്ടിടം മാറിയപ്പോഴുമെല്ലാം ഏറ്റവും അധികം ത്യാഗങ്ങള്‍ സഹിച്ച് ഏറെ അത്മാര്‍ഥതയോടെ സമയവും കാലവുമൊന്നും നോക്കാതെ ഒരു കുടുംബാംഗത്തെപ്പോലെ ജോലി ചെയ്തിട്ടുള്ള ജീവനക്കാരിയെന്നാണ് ലില്ലിക്കുട്ടിയെക്കുറിച്ച് സഹപ്രവര്‍ത്തകരായിരുന്നവരെല്ലാം സാക്ഷ്യപ്പെടുത്തുന്നത്. നാട്ടുകാരിയായ ജീവനക്കാരിയെക്കുറിച്ച് നാട്ടുകാര്‍ക്കും ഇതൊക്കത്തന്നെയാണു പറയാനുള്ളത്.
രാഷ്ട്രീയ ഇടപെടലുകളും ചുരുക്കം ചില ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യവും സ്വജനപക്ഷപാതവും നിയമത്തിന്റെ നൂലാമാലകളുമൊക്കെ മാറ്റിവച്ച് ലില്ലിക്കുട്ടിയെ തിരികെയെടുക്കണമെന്ന നിലപാടാണ് സഹപ്രവര്‍ത്തകര്‍ക്കെല്ലാം.