വേമ്പനാട് കായല്‍ പുനരുജ്ജീവനം: രണ്ടാം ഘട്ടത്തില്‍ 3.6 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു
1535850
Sunday, March 23, 2025 11:43 PM IST
ആലപ്പുഴ: വേമ്പനാട് കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ആലപ്പുഴ നഗരസഭയും ജില്ലാഭരണകൂടവും റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിച്ച പ്ലാസ്റ്റിക് മുക്ത വേമ്പനാട് മെഗാ ശുചീകരണ കാമ്പയിന്റെ രണ്ടാംഘട്ടത്തില്‍ 3.6 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു.
ശനിയാഴ്ച രാവിലെ പുന്നമട ഫിനിഷിംഗ് പോയിന്റില്‍ നടന്ന ശുചീകരണം ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഫ്ളാഗ് ഓഫ് ചെയ്തു.
നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ അധ്യക്ഷയായി. പുന്നമട ഫിനിഷിംഗ് പോയിന്റില്‍ ആരംഭിച്ച മെഗാ ശുചീകരണം തുടര്‍ന്ന് കുട്ടനാടന്‍ ഭാഗങ്ങളിലെ ഉള്‍ക്കായലുകളില്‍ 75 ചെറുവള്ളങ്ങളിലായി നടന്നു.
160 മത്സ്യത്തൊഴിലാളികള്‍, 65 കുടുംബശ്രീ പ്രവര്‍ത്തകര്‍, നഗരസഭയുടെ 60 ശുചീകരണത്തൊഴിലാളികള്‍, റോട്ടറി ആലപ്പുഴ റവന്യു ജില്ലാ ക്ലബിലെ 60 അംഗങ്ങള്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. ശേഖരിച്ച 3.6 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നഗരസഭ എംസിഎഫിലേക്കു മാറ്റി.
വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും റസ്റ്ററന്റുകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ജില്ലയില്‍ വേമ്പനാട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നത്.
നരഗസഭ സ്ഥിരംസമിതി അധ്യക്ഷരായ എ.എസ്. കവിത, ആര്. വിനിത, എം.ആര്. പ്രേം, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ സി പ്രേംജി, ഡിടിപിസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.സി. പ്രദീപ്, മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.