വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പ് ഇന്ന് അർത്തുങ്കൽ ബസിലിക്കയില്‍ പ്രതിഷ്ഠിക്കും
1535560
Sunday, March 23, 2025 3:27 AM IST
ചേര്‍ത്തല: റോമിൽനിന്ന് എത്തിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പ് അർത്തുങ്കൽ ബസിലിക്കയിൽ ഇന്ന് പ്രതിഷ്ഠിക്കും. ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിലിന്റെ പ്രത്യേക ശിപാർശപ്രകാരമാണ് തിരുശേഷിപ്പ് അർത്തുങ്കലിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടത്തിയത്.
റോമിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ തിരുശേഷിപ്പാണ് ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർഥാടനകേന്ദ്രമായ അർത്തുങ്കൽ ബസിലിക്കയിൽ പ്രതിഷ്ഠിക്കുന്നത്. റോമിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ ബസിലിക്കയിലുള്ള വിശുദ്ധന്റെ കല്ലറ ആദ്യമായി തുറക്കുന്നത് എഡി 1511 ൽ ആണ്. 513 വർഷങ്ങൾക്കുശേഷമാണ് 2024ൽ വീണ്ടും തുറന്നത്. ഇവിടെനിന്നു ശേഖരിച്ച വിശുദ്ധന്റെ തിരുശേഷിപ്പിന്റെ ഒരു ഭാഗമാണ് അർത്തുങ്കല്‍ ബസിലിക്കയിൽ എത്തിക്കുന്നത്.
റോമിലെ വിശുദ്ധ സെബസ്ത്യാനോസ് ബസിലിക്ക റെക്ടർ ഫാ.സ്തെഫാനോ തംബുരുവും ഫാ.കർലോ ജൊവാനിയും തിരുശേഷിപ്പിനെ അനുഗമിക്കുന്നുണ്ട്. സംഘം ശനിയാഴ്ച കേരളത്തിൽ എത്തിച്ചേര്‍ന്നു. ആലപ്പുഴ രൂപതയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള വിവിധ ദേവാലയങ്ങളിലും കപ്പേളകളിലും പ്രദക്ഷിണം നടത്തിയ ശേഷം ഇന്നു വൈകുന്നേരം മൂന്നിന് പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ എത്തിച്ചേരും.
അവിടെനിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തിരുശേഷിപ്പു പ്രയാണം അർത്തുങ്കൽ ബസിലിക്കയിലേക്ക് പുറപ്പെടും. വൈകുന്നേരം അഞ്ചിന് അർത്തുങ്കൽ ബസിലിക്കയിൽ സമൂഹബലിയർപ്പണം നടക്കും. തുടർന്ന് ബസിലിക്കയിൽ വിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥിരമായി സ്ഥാപിക്കുമെന്ന് ബസിലിക്ക റെക്ടർ ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിൽ പറഞ്ഞു.
ശുദ്ധന്റെ രൂപം അർത്തുങ്കലിൽ എത്തിയതിനു പിന്നിലെ ഐതിഹ്യം
റോമിൽ പടർന്നുപിടിച്ച പ്ലേഗ് ബാധയെത്തുടർന്ന് വിശുദ്ധ സെബാസ്ത്യാനോസിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിച്ച ഇറ്റലിയിലെ മിലാനിലെ വിശ്വാസികൾ വിശുദ്ധ സെബസ്ത്യാനോസിന്റെ തുരുസ്വരൂപം നിർമിച്ച് ലോകംമുഴുവൻ സഞ്ചരിക്കാൻ തീരുമാനിച്ചു.
1645ൽ ഇവർ സഞ്ചരിച്ച കപ്പൽ അർത്തുങ്കലിൽ എത്തുകയും പുറംകടലിൽ കടൽക്ഷോഭത്തിൽപ്പെടുകയും ചെയ്തു. കടൽ ശാന്തമായപ്പോൾ കപ്പലിലുള്ളവർ വിശുദ്ധന്റെ രൂപം അന്ന് അർത്തുങ്കലിൽ ഉണ്ടായിരുന്ന പ്രാർഥനാലയത്തിൽ എത്തിച്ച് അവിടെ സ്ഥാപിക്കുകയായിരുന്നു എന്നാണ് ഐതിഹ്യം.
അന്നുമുതൽ എല്ലാവർഷവും ജനുവരി 10 മുതൽ 27 വരെ അർത്തുങ്കൽ പള്ളിയിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാൾ ആഘോഷപൂർവം നടത്തിവരുന്നു.