ചെട്ടികുളങ്ങര അശ്വതി മഹോത്സവം 31ന്
1535555
Sunday, March 23, 2025 3:27 AM IST
മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി മാഹോത്സവം പതിമൂന്ന് കരകളുടെ ഏകീകൃത സംഘടനയായ ശ്രീദേവിവിലാസം ഹിന്ദുമത കണ്വന്ഷന് ട്രസ്റ്റിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും നേതൃത്വത്തില്‍ 31നു നടക്കും. ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവാഘോഷങ്ങളുടെ സമാപനം കൂടിയാണ് മീനത്തിലെ അശ്വതി മഹോത്സവം. മീന ഭരണി ദിനം വെളുപ്പിന് ഭഗവതിയുടെ കൊടുങ്ങല്ലൂര്‍ യാത്രയയപ്പോടെ ഈ വര്‍ഷത്തെ ഉത്സവ ആഘോഷങ്ങള്‍ സമാപിക്കും.
കഴിഞ്ഞ വര്‍ഷം വിവിധ വലിപ്പത്തിലുള്ള 840 കെട്ടുകാഴ്ചകളാണ് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്. 20 കിലോമീറ്റര്‍ അകലെനിന്നുപോലും കെട്ടുരുപ്പടികള്‍ എത്തിയിരുന്നു. ഇത്തവണ ആയിരത്തോളം കെട്ടുകാഴ്ചകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
31നു വൈകിട്ട് മൂന്നു മുതല്‍ തന്നെ കെട്ടുകാഴ്ച വരവ് ആരംഭിക്കും. സീനിയര്‍ കെട്ടുകാഴ്ചകള്‍ കാഴ്ച കണ്ടത്തിലും ജൂണിയര്‍ കെട്ടുകാഴ്ചകള്‍ ക്ഷേത്രാങ്കണത്തിലുമാണ് ക്രമീകരിക്കുന്നത്.
വടക്കേ പോളവിളക്കിനു ശേഷമാണ് കൊടുങ്ങല്ലൂര്‍ അമ്മയെ കാണുന്നതിന് യാത്ര ചോദിക്കുന്നതിനായി ഭഗവതി എഴുന്നള്ളത്ത് നടക്കുന്നത്. തുടര്‍ന്ന് അതിപ്രശസ്തവും വികാരനിര്‍ഭരവുമായ ഭഗവതിയുടെ യാത്രയയപ്പുചടങ്ങ് നടക്കും.
ഇതോടു കൂടി ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവാഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിക്കും. കെട്ടുകാഴ്ചകള്‍ക്കുള്ള രജിസ്ട്രേഷന് സൗകര്യം 25ന്് ആരംഭിക്കും. പൊതുഗതാഗതം തടസപ്പെടുത്തുന്നത് സംബന്ധിച്ചും ഇലക്ട്രിക് ലൈനുകള്‍ അഴിക്കുന്നതു സംബന്ധിച്ചും നിയമ നടപടികള്‍ സ്വീകരിക്കുന്നതിനു പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു ശ്രീദേവി വിലാസം ഹിന്ദുമത കണ്വന്ഷന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.