സിപിഐ നിലപാട് ആഭ്യന്തര വകുപ്പിന്റെ വീഴ്ച മറയ്ക്കാൻ: യൂത്ത് കോൺഗ്രസ്
1535551
Sunday, March 23, 2025 3:27 AM IST
ഹരിപ്പാട്: കുമാരപുരം രാകേഷ് തിരോധാനക്കേസിൽ ഭരണപക്ഷ സംഘടനകൾ രമേശ് ചെന്നിത്തലയ്ക്കെതിരേ ആരോപണം ഉന്നയിക്കുന്നത് ആഭ്യന്തര വകുപ്പിന്റെയും പോലിസിന്റെയും പരാജയം മറച്ചുപിടിക്കാനാണെന്ന് യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
2015 നവംബർ മാസം കാണാതായ രാകേഷിനെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും 2016 മുതൽ 2025 വരെ ഒൻപതു വർഷക്കാലം എൽഡിഎഫ് സർക്കാർ അന്വേഷണത്തിൽ നിന്ന് പിന്മാറി. രാകേഷിന്റെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
അന്വേഷണം വഴിമുട്ടിയതിന്റെ ഉത്തരവാദിത്വം ഒമ്പത് വർഷമായി സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിനാണ്. ഈ കൃത്യവിലോപം മറച്ചുവയ്ക്കാനാണ് രാകേഷിന്റെ മാതാവിനെ തെറ്റിധരിപ്പിച്ചു രമേശ് ചെന്നിത്തലയ്ക്കെതിരേ നിലപാടെടുപ്പിക്കാനുള്ള ഗൂഢശ്രമം സിപിഐ നടത്തുന്നത്.
കുമാരപുരത്തെ തിരോധാന കേസിൽ രമേശ് ചെന്നിത്തലക്കെതിരേ രാഷ്ട്രീയ ആരോപണവുമായി ഇറങ്ങിതിരിച്ചാൽ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.