മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമം; കുറത്തികാട് കുടിവെള്ള പദ്ധതിക്കായി ഓവര്‍ബ്രിഡ്ജ് സ്ഥാപിച്ചു
1535550
Sunday, March 23, 2025 3:13 AM IST
മാവേലിക്കര: കുറത്തികാട് കുടിവെള്ള പദ്ധതിക്കായി പാക്കേജ് ഒന്നില്‍ ഉള്‍പ്പെട്ട റെയില്‍വേ ക്രോസിംഗിനുള്ള സ്റ്റീല്‍ സ്ട്രക്ചര്‍ ഓവര്‍ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയായതോടെ കുടിവെള്ളലഭ്യത ഉറപ്പാക്കാനുള്ള ജനങ്ങളുടെ മൂന്നര പതിറ്റാണ്ടത്തെ കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ 12ന് ആരംഭിച്ച സ്റ്റീല്‍ സ്ട്രക്ചര്‍ ഓവര്‍ ബ്രിഡ്ജ് നിര്‍മാണ പ്രവര്‍ത്തനം മൂന്നു മണിയോടെ പൂര്‍ത്തിയായി. ഇതിനായി റെയില്‍വേ ഇതുവഴിയുള്ള ഗതാഗതം മൂന്നര മണിക്കൂര്‍ നിയന്ത്രിച്ചിരുന്നു. മൂന്ന് ഭാഗങ്ങളായി പണിതീര്‍ത്തിരുന്ന സ്റ്റീല്‍ സ്ട്രക്ചര്‍ ബ്രിഡ്ജ് ക്രെയിന്‍ ഉപയോഗിച്ചാണ് സ്ഥാപിച്ചത്.
പുതിയകാവ്-കറ്റാനം റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിനു തെക്കുഭാഗത്ത് പൊളിച്ചുനീക്കിയ പഴയ മേല്‍പ്പാലം സ്ഥിതി ചെയ്തിരുന്നിടത്താണ് സ്റ്റീല്‍ സ്ട്രക്ചര്‍ സ്ഥാപിച്ചിരിക്കുന്നത്. 43,79,545 രൂപയാണ് ടിപിഎസി. റെയില്‍വേയുടെ അന്തിമാനുമതി ലഭിച്ച ശേഷം 2022ല്‍ കേരള വാട്ടര്‍ അഥോറിറ്റി റെയില്‍വേ ഡിവിഷണല്‍ എന്‍ജിനിയര്‍ക്ക് 25,38,885 രൂപ അടച്ചിരുന്നു.
കീറാമുട്ടിയായി റെയില്‍വേ ലൈന്‍
സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി കൊടിക്കുന്നില്‍ സുരേഷ് എംപി, എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹന്‍കുമാര്‍ തുടങ്ങി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്തിച്ചേര്‍ന്നിരുന്നു.
2008ലാണ് മാവേലിക്കര മണ്ഡലത്തിലെ തെക്കേക്കര, വള്ളികുന്നം പഞ്ചായത്തുകള്‍ക്കും കായംകുളം മണ്ഡലത്തിലെ കൃഷ്ണപുരം, ഭരണിക്കാവ് പഞ്ചായത്തുകള്‍ക്കും ചെങ്ങന്നൂര്‍ മണ്ഡലത്തിലെ മാന്നാര്‍, കുരട്ടിക്കാട് വില്ലേജുകള്‍ക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കാനായി കുറത്തിക്കാട് മാര്‍ക്കറ്റ് വളപ്പില്‍ 8.85 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്ക് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
എന്നാല്‍ മാവേലിക്കര അച്ചന്‍കോവിലാറ്റിലെ പമ്പ് ഹൗസില്‍നിന്നു ശുദ്ധീകരണത്തിനു ശേഷം ജലം കുറത്തിക്കാട് വാട്ടര്‍ ടാങ്കില്‍ എത്തിക്കണമെങ്കില്‍ റെയില്‍വേ ലൈന്‍ ക്രോസ് ചെയ്യണമെന്നത് കീറാമുട്ടിയായി. ആദ്യഘട്ടത്തില്‍ പുതിയകാവ്-കറ്റാനം റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിലൂടെ പൈപ്പു ലൈന്‍ കടത്തിവിടാനായിരുന്നു പദ്ധതി എന്നാല്‍ പാലത്തില്‍ പൈപ്പുലൈന്‍ സ്ഥാപിക്കാനാവശ്യമായ സംവിധാനങ്ങള്‍ ഇല്ലാതിരുന്നത് പദ്ധതി തടസപ്പെടുത്തി. പിന്നീട് റെയിൽപാതയ്ക്ക് മൂന്നു മീറ്റര്‍ താഴെയായി വലിയ പൈപ്പ് സ്ഥാപിച്ച് ക്രോസിംഗ് നടത്താനായിരുന്നു പദ്ധതി തയാറാക്കിയത്.
യാഥാര്‍ഥ്യമാകാന്‍ ചര്‍ച്ചകൾ
എന്നാല്‍ വലിയ ശക്തിയില്‍ വെള്ളം കടന്നുപോകുന്ന പൈപ്പ് സ്ഥാപിക്കുന്നതു സുരക്ഷയെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി റെയില്‍വേ പദ്ധതി നിരസിച്ചു. പിന്നീടാണ് റെയില്‍വേ ക്രോസിംഗ് സ്റ്റീല്‍ സ്ട്രക്ചര്‍ ഓവര്‍ ബ്രിഡ്ജ് സ്ഥാപിച്ചു പൈപ്പ് സ്ഥാപിക്കാമെന്ന പദ്ധതിയുമായി വാട്ടര്‍ അഥോറിറ്റി മുന്‍പോട്ടു വരുന്നത്.
എന്നാല്‍ ഭാവിയിൽ റെയില്‍ വികസനങ്ങള്‍ വരുമ്പോള്‍ പാതകള്‍ ഇരട്ടിക്കാനുള്ള സാധ്യതയുണ്ടെന്നും ആയതിനാല്‍ റെയില്‍വേ ക്രോസിംഗ് സ്റ്റീല്‍ സ്ട്രക്ചര്‍ ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കല്‍ റയില്‍വേ വികസനത്തിന് തടസമുണ്ടാക്കുമെന്നും റെയില്‍വേയുടെ ഭാഗത്തുനിന്നു വാദമുണ്ടായി.
ഇതേത്തുടർന്നു പദ്ധതി നീണ്ടുപൊയ്ക്കൊണ്ടേയിരുന്നു. ഇതിനിടെ ഭരണതലത്തിലും റെയില്‍വേയുമായും കൊടിക്കുന്നില്‍ സുരേഷ് എംപി, എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ എന്നിവര്‍ നടത്തിയ ചര്‍ച്ചകളാണ് പദ്ധതി യാഥാര്‍ഥ്യമാകാന്‍ സഹായിച്ചത്.
കുറത്തിക്കാട് ഓവര്‍ഹെഡ് ടാങ്കിലേക്ക് ജലം എത്തിക്കാനുളള പൈപ്പുലൈനുകളും മുന്‍പുതന്നെ സ്ഥാപിച്ചിട്ടുണ്ട്. ഇവ നിലവിലെ സ്റ്റീല്‍ സ്ട്രക്ചറിലുള്ള പൈപ്പിലേക്ക് ബന്ധിപ്പിച്ചാല്‍ കുറത്തിക്കാട് ഓവര്‍ ഹെഡ് ടാങ്കില്‍ ജലം എത്തും. കുടിവെള്ള പദ്ധയുമായി ബന്ധപ്പെട്ട മറ്റ് ജോലികളുടെ ടെണ്ടര്‍ നടപടികള്‍ ആയിട്ടുണ്ട്. എന്നാല്‍ ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. ആയതിനാല്‍ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യത്തിലെത്താന്‍ കുറച്ചുകൂടി കാക്കേണ്ടി വരും.