കുടിവെള്ളക്ഷാമം പരിഹരിച്ചുകിട്ടാൻ ജനപ്രതിനിധികൾ കുത്തിയിരിപ്പുസമരം നടത്തി
1535549
Sunday, March 23, 2025 3:13 AM IST
അന്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ വാട്ടർ അഥോറിറ്റി ഓഫീസിനു മുന്നിൽ ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലന്റെ നേതൃത്വത്തിലായിരുന്നു സമരം.
പമ്പ് ഹൗസുകളിലെ മോട്ടോറുകൾ തകരാറിലായതിനെത്തുടർന്ന് അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ വിവിധയിടങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് ആഴ്ചകളായി അനുഭവപ്പെടുന്നത്. വിവരം വാട്ടർ അഥോറിറ്റി അധികൃതരെ അറിയിച്ചിട്ടും പ്രശ്നപരിഹാരം ഉണ്ടാക്കാത്തതിൽ പ്രതിഷേധിച്ചാണ് ജനപ്രതിനിധികൾ സമരവുമായി രംഗത്തെത്തിയത്.
ജനപ്രതിനിധികൾ വാട്ടർ അഥോറിറ്റി ഓഫീസിൽ മണിക്കൂറുകളോളം കുത്തിയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രമേശൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ അപർണ സുരേഷ്, കെ. സിയാദ് അംഗങ്ങളായ അജീഷ്, ജയലളിത, സുഷമാ രാജീവ്, നിഷ മനോജ് എന്നിവരാണ് കുത്തിയിരിപ്പ് സമരം നടത്തിയത്.
തുടർന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ജനപ്രതിനിധികളുമായി ചർച്ച നടത്തി തിങ്കളാഴ്ച പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് രേഖാമൂലം ഉറപ്പു നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
പതിനൊന്നാം വാർഡിലുള്ള പമ്പ് ഹൗസിലെ മോട്ടോർ വീണ്ടും തകരാറിലായതാണ് കുടിവെള്ള വിതരണം മുടങ്ങാൻ കാരണം. ബാക്കി പ്രദേശങ്ങളിൽ കുടിവെള്ള വിതരണം ഉടൻ സാധാരണ നിലയിലാകുമെന്നാണ് വാട്ടർ അഥോറിറ്റി അധികൃതർ ഉറപ്പ് നൽകിയിരിക്കുന്നത്.