യുവാവിന്റെ തിരോധാനം: രമേശ് ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്
1535542
Sunday, March 23, 2025 3:13 AM IST
ഹരിപ്പാട്: കുമാരപുരം സ്വദേശിയായ രാകേഷിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ക്രിമിനലുകളെ സംരക്ഷിക്കുന്നത് രമേശ് ചെന്നിത്തലയാണെന്ന രാകേഷിന്റെ അമ്മയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എംഎൽഎ സ്ഥാനം ചെന്നിത്തല രാജിവയ്ക്കണമെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം ടി.ടി. ജിസ്മോൻ. സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജിസ് മോൻ.
കുമാരപുരം സ്വദേശികളായ ഏഴുപേരും കൂട്ടാളികളും ചേർന്നാണ് തന്റെ മകനെ കൊലപ്പെടുത്തിയതെന്നും രമേശ് ചെന്നിത്തലയാണ് പ്രതികളെ സംരക്ഷിക്കുന്നതെന്നും കഴിഞ്ഞദിവസം മാതാവ് വെളിപ്പെടുത്തിയിരുന്നു.
കോടതി ഇടപെടലിനെത്തുടർന്ന് പ്രതികളെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ നിറതോക്കുകളും മാരകായുധങ്ങളും പിടികൂടിയിരുന്നു.
എഴിക്കകത്ത് ജംഗ്ഷനിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ക്യാമ്പ് ഓഫീസിനു സമീപം പോലീസ് തടഞ്ഞു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. കാർത്തികേയൻ അധ്യക്ഷത വഹിച്ചു.