കായംകുളം ചേരാവള്ളിയിൽ കാട്ടുപന്നി ആക്രമണം; വയോധികനും കൗൺസിലർക്കും പരിക്ക്
1535226
Friday, March 21, 2025 11:46 PM IST
കായംകുളം: ചേരാവള്ളി ഉൾപ്പെടെ നഗരത്തിന്റെ തെക്ക് കിഴക്കൻ പ്രദേശങ്ങളില്‍ കാട്ടുപന്നി പട്ടാപ്പകൽ വ്യാപക ആക്രമണം നടത്തി പരിഭ്രാന്തി പരത്തിയ കാട്ടുപന്നിയെ ഒടുവില്‍ വെടിവച്ച് കൊന്നു. കാട്ടുപന്നിയുടെ ആക്രമണത്തില്‍ വയോധികനും നഗരസഭാ കൗണ്‍സിലര്‍ക്കും പരിക്കേറ്റു.
നഗരസഭയിലെ 25-ാം വാര്‍ഡിലാണ് കാട്ടുപന്നിയുടെ ആക്രമണം ആദ്യമുണ്ടായത്. ചേരാവള്ളി വലിയ വീട്ടില്‍ ശശികുമാറി (63) നാണ് പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇയാളെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ആറിന് കാട്ടുപന്നിയെ ചേരാവള്ളി പ്രദേശത്ത് കണ്ടിരുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പി. ശശികലയെ വിവരം അറിയിച്ചു.
തുടര്‍ന്ന് ചെയര്‍പേഴ്സണ്‍ പോലീസ്, അഗ്നിരക്ഷാ സേന, വനം വകുപ്പ് എന്നിവരെ ബന്ധപ്പെട്ടു. വനം വകുപ്പിന്റെ നിര്‍ദേശ പ്രകരം ലൈസന്‍സ്ഡ് ഷൂട്ടറായ സുരേഷ് എത്തി ഒന്നാംകുറ്റി മുരുക്കുമൂട് ഭാഗത്തുവച്ച് വെടിവച്ച് വീഴ്ത്തി. കാട്ടുപന്നിയുടെ ആക്രമണത്തിൽ കൗണ്‍സിലര്‍ ബിജു നസറുള്ളയ്ക്ക് മുറിവേറ്റു.
ആഴ്ചകള്‍ക്ക് മുമ്പ് കണ്ടല്ലൂരിലും ചേരാവളളിയിലും കാട്ടുപന്നിയുടെ ശല്യം ഉണ്ടായ സാഹചര്യത്തില്‍ അന്നും പന്നിയെ വനപാലകര്‍ വെടിവച്ച് കൊന്നിരുന്നു.