ആംബുലന്‍സ് എത്തിയില്ല; രക്തം വാര്‍ന്ന് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
1535225
Friday, March 21, 2025 11:46 PM IST
എടത്വ: സ്കൂട്ടര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. തിരുവല്ല വളഞ്ഞവട്ടം ഒന്‍പതില്‍ സക്കറിയ (65) ആണ് മരിച്ചത്. സക്കറിയയുടെ കാലിലൂടെ ടിപ്പര്‍ ലോറി കയറിയതിനെത്തുടര്‍ന്ന് രക്തം വാര്‍ന്നാണ് മരിച്ചത്. ആംബുലന്‍സ് കൃത്യസമയത്ത് എത്തിയില്ല.
ഇന്നലെ രാവിലെ എട്ടിന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ നീരേറ്റുപുറം ഫിനിഷിംഗ് പോയിന്റിലേക്ക് പോകുന്ന റോഡിലാണ് അപകടം. ടിപ്പര്‍ ലോറി സ്കൂട്ടറില്‍ തട്ടി വീണ സക്കറിയയുടെ തുടയിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. നീരേറ്റുപുറത്ത് മകളുടെ വീടുപണി നടക്കുന്ന സ്ഥലത്തേക്ക് പോകവേയാണ് അപകടം. അതുവഴി വന്ന യാത്രക്കാരായ അഭിജിത്തും സുമേഷും നാട്ടുകാരും ചേർന്ന് സക്കറിയയെ താങ്ങിയിരുത്തിയെങ്കിലും കാല് അറ്റിരുന്നു.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത് കുമാര്‍ പിഷാരത്ത് സ്ഥലത്തെത്തി ആംബുലന്‍സ് സേവനം ആവശ്യപ്പെട്ടെങ്കിലും കൃത്യസമയത്ത് വാഹനം എത്തിയില്ല. എടത്വ സിഎച്ച്സിയില് രാത്രിയില്‍ ആംബുലന്‍സ് സേവനം ഇല്ലാത്തതിനാല്‍ രാവിലെ 8.30 മുതലാണ് സര്‍വീസ് നടത്താറുള്ളത്. പിന്നീട് ആംബുലന്‍സ് എത്തി സക്കറിയായെ പരുമല സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മരണകരണം ശരീരത്തിലെ രക്തം വാര്‍ന്നാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. സംസ്കാരം പിന്നീട്. ഭാര്യ: സുമ സക്കറിയ. മക്കള്‍: റിന്‍സി (അയര്‍ലൻഡ്), റിയ (യു.കെ) മരുമകന്: ആശിഷ്.