മുക്കുപണ്ടം പണയംവച്ച യുവാവ് പിടിയില്‍
1535224
Friday, March 21, 2025 11:46 PM IST
ചേർത്തല: മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രതി പിടിയിൽ. കോട്ടയം തലയാഴം 11-ാം വാർഡിൽ കിഴക്കേ കുറിച്ചിത്തറ വീട്ടിൽ വിജീഷി(33)നെയാണ് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ചേർത്തല പള്ളിപ്പുറം എൻഎസ്എസ് കോളജ് ജംഗ്ഷന് കിഴക്കുവശത്തുള്ള സ്വർണപ്പണയ സ്ഥാപനത്തിൽ എത്തിയ പ്രതി രണ്ടു തവണയായി രണ്ട് സ്വർണവളകൾ പണയം വയ്ക്കുകയും 99,000 രൂപ വായ്പയായി വാങ്ങുകയും ചെയ്തിരുന്നു. അതിനുശേഷം ബുധനാഴ്ച വീണ്ടും ഈ സ്ഥാപനത്തിലെത്തി സ്വർണം പണയം വയ്ക്കാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാർ പരിശോധന നടത്തുകയും ഇയാൾ കൊണ്ടുവന്ന വളകൾ മുക്കുപണ്ടമാണെന്ന് ബോധ്യപ്പെടുകയുംചെയ്തു.
ഇതു മനസിലാക്കിയ പ്രതി സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. സ്ഥാപന ഉടമയുടെ പരാതിയിൽ ചേർത്തല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച രാത്രിയോടെ പള്ളിപ്പുറം ഭാഗത്തുനിന്നു പ്രതിയെ അറസ്റ്റ് ചെയ്തു.
ചേർത്തല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി. അരുൺ, സബ് ഇൻസ്പെക്ടർമാരായ എസ്. സുരേഷ്, ബിജുമോൻ, ശ്രീകുമാർ, സീനിയർ സിപിഒ മാരായ രഞ്ജു സെബാസ്റ്റ്യൻ, വിനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ വൈക്കം പോലീസ് സ്റ്റേഷനിൽ സമാന സ്വഭാവമുള്ള രണ്ട് കേസുകളിൽ പ്രതിയാണ്. മറ്റ് സ്ഥലങ്ങളിൽ ഇതുപോലെയുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.