അപ്പർ കുട്ടനാടൻ മേഖലയിൽ പുഞ്ചകൊയ്ത്തുത്സവം രാഷ്ട്രീയപ്പോരിലേക്ക്
1535222
Friday, March 21, 2025 11:46 PM IST
ഹരിപ്പാട്: അപ്പർ കുട്ടനാടൻ മേഖലയിൽ ആദ്യമായി നടത്തിയ പുഞ്ചകൊയ്ത്തുത്സവം രാഷ്ട്രീയപ്പോരിലേക്ക്. കോൺഗ്രസുകാരനായ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവിനെക്കൊണ്ട് ഉദ് ഘാടനം ചെയ്യാൻ തീരുമാനിച്ചതിലും ബിജെപിനേതാവും ചെന്നിത്തല പഞ്ചായത്തംഗവും അപ്പർകുട്ടനാട് സ്വതന്ത്ര നെൽകർഷക കൂട്ടായ്മ പ്രസിഡന്റുമായ ഗോപൻ ചെന്നിത്തലയെ പങ്കെടുപ്പിച്ചതിലും എതിര്‍പ്പുള്ള പള്ളിപ്പാട്ടെ സിപിഐ നേതൃത്വത്തിന്റെ നിർദേശപ്രകാരം സിപിഐ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബഹിഷ്കരിച്ചതായി പരാതി.
പളളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ആർ.രഞ്ജിനി, വൈസ് പ്രസിഡന്റ് ലാൽ വർഗീസ്, ജില്ലാപഞ്ചായത്തംഗം എ.ശോഭ, ബ്ലോക്ക് പഞ്ചായത്തംഗം ജോർജ് വർഗീസ് വെങ്ങാലി, പളളിപ്പാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ദാസൻ, കൃഷി അസി.ഡയറക്ടർ ബെറ്റി വർഗീസ് എന്നിവരാണ് പങ്കെടുക്കാതിരുന്നത്.
ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ കൊയ്ത്തുത്സവം കൃഷി മന്ത്രിയുടെ പാർട്ടിക്കാർ മുൻകയ്യെടുത്ത് ബഹിഷ്കരിച്ച് ചടങ്ങിന്റെ ശോഭ കെടുത്താനാണ് ശ്രമിച്ചതെന്ന് കർഷകർ പരാതിപ്പെടുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുക്കാതിരുന്നതിനാലാണ് സിപിഎം ജനപ്രതിനിധികൾ പങ്കെടുക്കാതിരുന്നതെന്നും കൃഷി അസി.ഡയറക്ടറെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് സിപിഐ നേതൃത്വം വിലക്കിയെന്നും വിമർശനമുണ്ട്.