നഗരസഭയുടെ മൊബൈല്‍ ട്രീറ്റ്മെന്റ് സംവിധാനം ഇന്നു മുതല്‍ പ്രവര്‍ത്തനസജ്ജം
1535220
Friday, March 21, 2025 11:46 PM IST
ആലപ്പുഴ: നഗരസഭ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ കക്കൂസ് മാലിന്യ സംസ്കരണ സംവിധാനമായ രണ്ടു മൊബൈല്‍ ട്രീറ്റ്മെന്റ് യൂണിറ്റുകളുടെ സേവനം നഗരത്തില്‍ ഇന്നു മുതല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.
ലക്ഷക്കണക്കിന് ആളുകളെത്തിയ കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ പൊതു ശൗചാലയങ്ങളുടെ ട്രീറ്റ്മെന്റ് നടത്താന്‍ നഗരസഭയുടെ മൊബൈല്‍ ട്രീറ്റ്മെന്റ് യൂണിറ്റ് വിജയകരമായി ഉപയോഗിക്കാന്‍ സാധിച്ചു. ഹൗസ് ബോട്ടുകളിലെ കക്കൂസ് മാലിന്യ സംസ്കരണം എംടിയു ഉപയോഗിച്ച് നടത്താനുള്ള ശ്രമവും വിജയകരമാണ്.
കക്കൂസ് മാലിന്യം അശാസ്ത്രീയമായ രീതിയില്‍ ശേഖരിച്ച് കനാലുകളിലും തോടുകളിലും പൊതുസ്ഥലത്തും നിക്ഷേപിക്കുന്ന പ്രവണത ഒഴിവാക്കാന്‍ നഗരസഭാ സംവിധാനത്തിന് കഴിയുമെന്ന് കൗണ്‍സില്‍ വിലയിരുത്തി.
നഗരത്തിലെ വാര്‍ഡുകളില്‍ നടത്തേണ്ട 31 പൊതുമരാമത്ത് വര്‍ക്കുകളുടെ ടെൻഡറുകള്‍ക്ക് കൗണ്‍സില്‍ അംഗീകാരം. കഴിഞ്ഞ 4 മാസത്തിനുള്ളിൽ 121 വര്‍ക്കുകള്‍ ടെന്‍ഡര്‍ ചെയ്തതില്‍ 110 എണ്ണം കരാര്‍വച്ച് പ്രവര്‍ത്തി ആരംഭിച്ചതായി പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കൗണ്‍സിലില്‍ അറിയിച്ചു.
ആലപ്പുഴ ജില്ലാ ലീഗല്‍ സര്‍വ്വീസ് അഥോറിറ്റി നല്കുന്ന വിവിധങ്ങളായ സൗജന്യ നിയമ സേവനങ്ങളെ കുറിച്ച് ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി സെക്രട്ടറിയും സീനിയര്‍ ഡിവിഷന് സിവില്‍ ജഡ്ജുമായ പ്രമോദ് മുരളി നിയമ സേവനങ്ങള്‍ സംബന്ധിച്ച് കൗണ്‍സിലില്‍ വിവരങ്ങള്‍ നല്കി.
വയോനന്മ, ക്ലാപ്, സദ്ഗമയ, ഹാര്‍മണി ഹബ്, നിലാവ്, സംവാദ, ഗോത്രവര്‍ധന്‍, ന്യായ പ്രവേശിക, അതിജീവനം തുടങ്ങീ കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെയുള്ളവര്ക്കായുള്ളവിവിധങ്ങളായ സൗജന്യ നിയമ സേവന പദ്ധതികളാണ് വിശദീകരിച്ചത്.
നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു.