കാമറാക്കണ്ണിൽ കായംകുളം കായലോരം; സാമൂഹ്യവിരുദ്ധർ കുടുങ്ങും
1535219
Friday, March 21, 2025 11:46 PM IST
കായംകുളം: കായലോര ടൂറിസം പ്രദേശത്ത് വർധിച്ചുവരുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ലഹരി വ്യാപനവും മറ്റ് അനാശ്യാസ പ്രവർത്തനങ്ങളും തടയുന്നതിന് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. പകൽ സമയങ്ങളിൽ സ്കൂൾ കോളജ് വിദ്യാർഥികൾ ഉൾപ്പടെ പ്രദേശത്ത് എത്തുകയും ലഹരി വസ്തുക്കളുടെ ഉപയോഗവും മറ്റുതരത്തിലുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും വർധിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. പോലീസ് സ്റ്റേഷനിലും ഡിവൈഎസ് പി ഓഫീസിലും ദൃശ്യങ്ങൾ പരിശോധിക്കാനാവശ്യമായ ക്രമീകരണം ഏർപ്പെടുത്തുകയും ചെയ്തു.
നിരീക്ഷണ കാമറകളുടെയും കൺട്രോൾ റൂമിന്റെയും ഉദ്ഘാടനം എംഎൽഎ യു. പ്രതിഭ ഉദ്ഘാടനം ചെയ്തു.
കായംകുളം വ്യാപാരി വ്യവസായി ഏകോപന സമിതി, കൃഷ്ണപുരം റോട്ടറി ക്ലബ്, കായംകുളം ലയൺസ് ക്ലബ് എന്നീ സംഘടനകളുടെ സഹായത്തോടെയാണ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. കായലോരത്ത് ടൂറിസം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മൂവായിരം രൂപ വിലയുള്ള 13 ലൈറ്റുകൾ മുമ്പ് മോഷണം പോയിരുന്നു. സന്ധ്യാ സമയത്ത് മദ്യപശല്യവും ഒപ്പം സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷമായിരുന്നു. ഇതുമൂലം കായൽ സൗന്ദര്യം ആസ്വദിക്കാൻ കുടുംബങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും എത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. നിരീക്ഷണ കാമറകൾ സ്ഥാപിച്ചതോടെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.
കേന്ദ്ര ടൂറിസം വകുപ്പ് മെഗാ ടൂറിസം വികസനം ലക്ഷ്യമിട്ട് 2013 ജൂലൈ 12 നാണ് കായലോര ടൂറിസം പദ്ധതി ആവിഷ്കരിച്ചത്. ദേശീയപദ്ധതിയിൽ ആലപ്പുഴ ജില്ലയ്ക്ക് 52.25 കോടി രൂപ പദ്ധതിയുടെ ഭാഗമായി അനുവദിച്ചു.
കായംകുളത്ത് മാത്രമായി പദ്ധതിക്ക് 7.83 കോടി രൂപയാണ് അനുവദിച്ചത്. വിനോദ സഞ്ചാരികൾക്ക് ബോധവത്ക്കരണ കേന്ദ്രം, ഭക്ഷണശാല, ലൈഫ് ഗാർഡിന് വേണ്ടിയുള്ള മുറി, പോലീസ് ബൂത്ത്, കായൽ സൗന്ദര്യം ആസ്വദിക്കുന്നതിന് ബോട്ട് വാക് വ്യൂ, കുട്ടികൾക്കായി പാർക്ക്, മത്സ്യ കന്യകയുടെ ശിൽപ്പം തുടങ്ങിയവയാണ് സ്ഥാപിച്ചത്. എന്നാൽ കായൽ സഞ്ചാരികൾക്ക് വേണ്ടിയുള്ള ഹൗസ്ബോട്ട് സർവീസ് ഇതുവരെ ആരംഭിച്ചില്ല.