കാർഷിക കലണ്ടർ: ഉദ്യോഗസ്ഥ അനാസ്ഥ അവസാനിപ്പിക്കണം
1508782
Monday, January 27, 2025 11:59 PM IST
മങ്കൊമ്പ്: കുട്ടനാട്ടിൽ കാർഷിക കലണ്ടർ പാലിക്കാനാകാത്തത് ഉദ്യോഗസ്ഥ അനാസ്ഥമൂലമെന്ന് നെൽകർഷക സംരക്ഷണസമിതി സംസ്ഥാന രക്ഷാധികാരി കൃഷ്ണപ്രസാദ് ആരോപിച്ചു. കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കു പരിഹാരമാവശ്യപ്പെട്ടു കിടങ്ങറയിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തണ്ണീർമുക്കം ബണ്ട് അടയ്ക്കുന്നതിൽ ബോധപൂർവം സൃഷ്ടിച്ച കാലതാമസത്തിലൂടെയും തകരാറിലായ തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകൾക്കിടയിലൂടെയും അശാസ്ത്രീയമായ രീതിയിൽ നിർമിക്കുന്ന ഓരു മുട്ടുകൾക്കിടയിലൂടെയും കയറുന്ന ഉപ്പുവെള്ളം കർഷകരുടെ പ്രതീക്ഷകൾ പതിരാക്കിക്കളയുകയാണ്.
വൈസ് പ്രസിഡന്റ് കെ.ബി. മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് റജീന അഷറഫ്, ജോസ് കാവനാട്, പി.ആർ. സതീശൻ, ലാലിച്ചൻ പള്ളിവാതുക്കൽ, സോണിച്ചൻ പുളിങ്കുന്ന് തുടങ്ങിയവർ പ്രസംഗിച്ചു.