കെഐപി കനാലില്‍ വെള്ളമെത്തി; കർഷകർക്ക് ആശ്വാസം
1508791
Monday, January 27, 2025 11:59 PM IST
ചാരുംമൂട്: കനത്ത വേനലില്‍ കൃഷികള്‍ കരിഞ്ഞുണങ്ങി പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് കനാലിലൂടെ വെള്ളമെത്തിയത് ആശ്വാസമായി. കെഐപി കനാല്‍ തുറന്ന് വെള്ളം എത്തിയതോടെ കുടിവെള്ള ക്ഷാമത്തിനും ആശ്വാസമായി. തെന്മല ഡാമില്‍നിന്നുള്ള വെള്ളം അടൂരില്‍ എത്തിയശേഷമാണ് പഴകുളത്തെ മെയിന്‍ കനാലിലൂടെ ചാരുംമൂട് മേഖല ഉള്‍പ്പെടുന്ന ഓണാട്ടുകരയില്‍ എത്തിയത്.
നൂറുകണക്കിന് ഏക്കറിലെ കാര്‍ഷിക വിളകള്‍ വെള്ളമില്ലാത്തതിനാല്‍ കരിഞ്ഞ് നശിക്കാന്‍ തുടങ്ങിയിരുന്നു. മാവേലിക്കര താലൂക്കിന്റെ കിഴക്കന്‍ മേഖലകളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമവും നേരിടുകയായിരുന്നു. ഒരാഴ്ച കൂടി കനാലുകളില്‍ വെള്ളം എത്താന്‍ വൈകിയിരുന്നെങ്കില്‍ ചുനക്കര, പാലമേല്‍, താമരക്കുളം, നൂറനാട് പഞ്ചായത്തുകളില്‍ ജലക്ഷാമം രൂക്ഷമാകുകയും വ്യാപകമായ കൃഷിനാശം സംഭവിക്കുകയും ചെയ്യുമായിരുന്നു.
വിവിധ സബ് കനാലുകളിലും വെള്ളം എത്തിയിട്ടുണ്ട്. കനാലിലെ വെള്ളത്തിന്റെ ഒഴുക്ക് മന്ദഗതിയിലാണ്. കനാലില്‍ വാര്‍ഷിക ശുചീകരണം കാര്യക്ഷമമായി നടത്താതെ വെള്ളം തുറന്നുവിട്ടതുകാരണമാണ് ഒഴുക്ക് മന്ദഗതിയിലായതെന്നാണ് ആക്ഷേപം. സബ് കനാലുകള്‍ അറ്റകുറ്റപ്പണി നടത്താത്തതുകാരണം പല സ്ഥലങ്ങളിലും വെള്ളം കനാലുവഴി ഒഴുകാതെ ഗതിമാറി ഒഴുകുന്നതായും പരാതിയുണ്ട്.
ഈ മാസം ആദ്യം കനാല്‍ തുറന്നുവിടുമെന്നും ഇതിനു മുന്നോടിയായി കനാല്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തൊഴിലുറപ്പു തൊഴിലാളികളെ പ്രയോജനപ്പെടുത്തി വാര്‍ഷിക ക്ലീനിംഗ് പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് കല്ലട ഇറിഗേഷന്‍ വകുപ്പ് അതത് പഞ്ചായത്തുകള്‍ക്കും കൃഷിഭവനുകള്‍ക്കും കത്തു നല്‍കിയിരുന്നു.
എന്നാല്‍, പഞ്ചായത്തുകള്‍ ഇത് കാര്യമായി പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ വള്ളികുന്നം, താമരക്കുളം, ചുനക്കര. പാലമേല്‍ നൂറനാട് പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുകയും വെള്ളമില്ലാത്തതു കാരണം കൃഷി നശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോള്‍ കനാല്‍ തുറന്നത്.
23ന് അതിരാവിലെ പാലമേല്‍ പഞ്ചായത്തിലെ മേട്ടുപ്പുറം കനാല്‍ ഭാഗത്ത് എത്തിയ വെള്ളം നൂറനാട് ഷട്ടറില്‍ എത്താന്‍ രണ്ടു ദിവസം സമയമെടുത്തു. കനാല്‍ നിറയെ പാഴ്മരങ്ങളും ടണ്‍കണക്കിനു മാലിന്യങ്ങളും അടിഞ്ഞുകൂടിയതുകാരണം വെള്ള ത്തിന്റെ ഒഴുക്ക് മന്ദഗതിയിലാണിപ്പോള്‍.
അറവുശാലകളില്‍നിന്ന് കനാലില്‍ തള്ളിയതും ഒഴുകിയെത്തിയതുമായ മാലിന്യങ്ങളും മരങ്ങളും എരുമക്കുഴി ചന്തയിലെ കനാല്‍ പാലത്തിന് താഴെ കുമിഞ്ഞുകൂടിയ നിലയിലാണ്. കനാല്‍ വഴി ഒഴുകിയെത്തുന്ന മാലിന്യക്കൂമ്പാരങ്ങള്‍ നീക്കംചെയ്യണമെന്ന ആവശ്യം ശക്തമാണ്.