ഡോ. കെ.എം. ചെറിയാന്: ഹൃദയങ്ങളുടെ കാവലാളായി വളര്‍ന്ന പ്രതിഭ
1508786
Monday, January 27, 2025 11:59 PM IST
നൗഷാദ് മാങ്കാംകുഴി
കായംകുളം: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ അന്തരിച്ച ഡോ. കെ.എം. ചെറിയാന് കായംകുളത്തുനിന്നു ഹൃദയങ്ങളുടെ കാവലാളായി വളര്‍ന്ന അതുല്യ പ്രതിഭയാണ്. 1942ല്‍ കായംകുളത്ത് പൊന്‍വാണിഭം പുളിമൂട്ടില്‍ വീട്ടില്‍ ജനിച്ച കെ.എം. ചെറിയാന്, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ലക്ചററായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് തൊറാസിക് കാര്‍ഡിയാക് സര്ജന് പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനും അമേരിക്കന്‍ അസോസിയേഷന് ഓഫ് തൊറാസിക് സര്‍ജറിയിലെ, ഇന്ത്യയില്‍നിന്നുള്ള ആദ്യ അംഗവുമായിരുന്നു. രാജ്യത്തെ ആദ്യത്തെ കൊറോണറി ആര്‍ട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയതു ഡോ. ചെറിയാനാണ്.
ആദ്യത്തെ പീഡിയാട്രിക് ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ്, ആദ്യത്തെ ലേസര്‍ ഹാര്‍ട്ട് സര്‍ജറി എന്നിവ നടത്തിയതും അദ്ദേഹമാണ്. 1990 മുതല്‍ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സര്‍ജനായിരുന്ന അദ്ദേഹത്തെ രാജ്യം 1991ല്‍ പത്മശ്രീ നല്കി ആദരിച്ചു. കായംകുളം പൊന്‍വാണിഭം പുളിമൂട്ടില്‍ വീട് അദ്ദേഹത്തിന്റെ അമ്മയുടെ വീടാണ്.
ഡോ. കെ.എം. ചെറിയാന് അഞ്ചാംക്ലാസ് വരെ പഠിച്ചത് കായംകുളം ഗവ. യുപി സ്കൂളിലാണ്. ഹൃദയങ്ങളുടെ കാവലാളായി വളര്‍ന്നു വലുതായെങ്കിലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സ്കൂളില്‍ ഒരുവട്ടം എത്തണമെന്ന ആഗ്രഹത്തെ തുടർന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഡോ. കെ എം ചെറിയാന് സ്കൂളില്‍ എത്തുകയും ഓര്‍മകള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
സഹസ്രോത്തര ദ്വിശതാബ്ദി നിറവിലായ കായംകുളം കാദീശാ ഓര്‍ത്തഡോക്സ് പള്ളിയിലെ ആദ്യകാല വികാരിയായിരുന്ന പുളിമൂട്ടില്‍ അച്ചന് എന്നറിയപ്പെടുന്ന ഇടിച്ചാണ്ടി കത്തനാരുടെ സഹോദരന്റെ മകളുടെ മകനാണ് ഡോ. കെ. എം. ചെറിയാന്. അമ്മയുടെ പള്ളിയെന്നാണ് കാദീശാ പള്ളിയെ ചെറിയാന് വിശേഷിപ്പിച്ചിരുന്നത്. ഇംഗ്ലണ്ടിലെ മ്യൂസിയത്തില്‍നിന്ന് ഒരു അപൂര്‍വ ചിത്രം കാദീശാ പള്ളിക്ക് ഡോ. ചെറിയാന് വര്‍ഷങ്ങള്‍ക്കുമുമ്പ് സമ്മാനിക്കുകയും ചെയ്തിരുന്നു.