അര്‍ത്തുങ്കല്‍ പുണ്യം
1508787
Monday, January 27, 2025 11:59 PM IST
പ്രസിദ്ധ തീർഥാടന കേന്ദ്രമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ 379-ാമത് മകരം തിരുനാളിന് കൃതജ്ഞ ബലിയർപ്പണത്തോടും കൊടിയിറക്കൽ ശുശ്രൂഷയോടും തിരുസ്വരൂപ നടയടക്കൽ കർമത്തോടും കൂടെ സമാപിച്ചു.
എട്ടാമിടം തിരുനാൾ
പ്രധാന തിരുനാള്‍ ദിനമായ ജനുവരി 20 നുശേഷം എട്ടു ദിനത്തെ കാത്തിരിപ്പും പ്രാർഥനയോടും കൂടെയാണ് എട്ടാമിടത്തെ വരവേൽക്കുന്നത്. ഇന്നലെ വൈകുന്നേരം ദിവ്യബലിക്കുശേഷം വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിനും ലക്ഷക്കണക്കിന് വിശ്വാസികൾ അർത്തുങ്കൽ ദേവാലയങ്കണത്തിൽ പ്രാർഥനാനിരതരായി സാക്ഷ്യം വഹിച്ചു.
അർത്തുങ്കൽ പഴയ ദേവാലയത്തിൽ പൊതുവണക്കത്തിനായി ക്രമീകരിച്ചിരിക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപമാണ് എട്ടാം തിരുനാളിന് പ്രദക്ഷിണത്തിനായി ഉപയോഗിക്കുന്നത്. എട്ടാമിടം ഇടവകജനത്തിനു വേണ്ടി നടത്തപ്പെടുന്ന തിരുനാളാണ്. 17 ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ സ്വദേശത്തുനിന്നും വിദേശത്തുനിന്നും വരുന്ന വിശ്വാസി സമൂഹത്തിനുവേണ്ട എല്ലാ ക്രമീകരണങ്ങളും നടത്തുന്നതിൽ അർത്തുങ്കൽ ജനത തൽപരരാണ്.
ഏറ്റവും ഒടുവിലായി ഇരുപത്തിയേഴാം തീയതി നടത്തപ്പെടുന്ന എട്ടാം തിരുനാളിന് അർത്തുങ്കൽ ഇടവകജനം ഒന്നടങ്കം സാക്ഷിയാകും എന്നതാണ് ഇതിന് ഏറ്റവും വലിയ സവിശേഷത. വിശുദ്ധരൂപം കടപ്പുറത്തുള്ള കുരിശടിയിൽ വച്ച് പ്രാർഥിച്ചതിനുശേഷം പ്രദക്ഷിണത്തിനു പിന്നാലെ ആയി ഉരുൾ നേർച്ചയും ആരംഭിച്ചു. രാത്രി നട യടക്കൽ സമയം വരെ നീളുന്ന ഉരുളനേർച്ചയിൽ പതിനായിരക്കണക്കിന് ജനങ്ങളാണ് നേർച്ച നിറവേറ്റുന്നത്. രാത്രി 10.30ന് അർത്തുങ്കൽ ബസിലിക്ക റെക്ടർ ഫാ. യേശുദാസ് കാട്ടുങ്കല്‍ത്തയ്യില്‍ മുഖ്യകാർമികനായി കൃതജ്ഞത ബലിയപ്പിച്ചു. ശുശ്രൂഷാ ക്രമീകരണങ്ങള്‍ പള്ളി കമ്മിറ്റി നേതൃത്വം നല്കി. ഫെബ്രുവരിയില്‍ വലിയനോമ്പ് ആരംഭിക്കുന്നതിനു മുമ്പുവരെ തിരുസ്വരൂപം പൊതുവണക്കത്തിനായി ദേവാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.