കൃഷ്ണപുരത്ത് ദുരൂഹ സാഹചര്യത്തിൽ ദമ്പതികൾ മരിച്ച നിലയിൽ
1508785
Monday, January 27, 2025 11:59 PM IST
കായംകുളം: കൃഷ്ണപുരത്ത് ദുരൂഹ സാഹചര്യത്തില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ വീടിനു സമീപം തൂങ്ങിമരിച്ച നിലയിലും ഭാര്യയെ സമീപത്തെ കുളത്തില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കൃഷ്ണപുരം തെക്ക് കൊച്ചുമുറി വാലയ്യത്ത് സുധന് (55), ഭാര്യ സുഷമ (54) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞദിവസം പുലര്‍ച്ചെ ആറുമണിയോടെയാണ് വീടിനു സമീപത്തെ പുളിമരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ സുധനെ കണ്ടെത്തിയത്. രാവിലെ മുതല്‍ ഭാര്യ സുഷമയെ കാണാനില്ലായിരുന്നു. സമീപത്തുള്ള വീടുകളില്‍ വീട്ടു ജോലികള്‍ക്കായി സുഷമ പോകുമായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ വൈകുന്നേരം അഞ്ചോടെയാണ് വീടിനു സമീപമുള്ള പായല്‍ നിറഞ്ഞ കുളത്തില്‍നിന്നു സുഷമയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനു സമീപം കണ്ട ചോരപ്പാടുകളും മുറ്റത്തെ മണലില്‍ വലിച്ചിഴച്ച പാടുകളും കണ്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് സുഷമയുടെ മൃതശരീരം കണ്ടെത്താന്‍ സഹായിച്ചത്.
സുധന് ഭാര്യ സുഷമയെ കൊലപ്പെടുത്തി കുളത്തില്‍ തള്ളിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ വീടിന് സമീപത്തെ ചായക്കടയില്‍ സുധന് ചായ കുടിക്കാന്‍ എത്തിയിരുന്നതായി ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. 25ന് രാത്രി 11ന് ജോലികഴിഞ്ഞ് മകന് സുജിത്ത് വീട്ടിലെത്തിയപ്പോള്‍ ഇരുവരെയും കാണാനില്ലായിരുന്നു. മദ്യപാനിയായിരുന്ന സുധന് ഇടയ്ക്കിടെ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുക പതിവായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു.
ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്നലെ വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്കരിച്ചു. സംഭവസ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. മകള്‍ സുജ, മരുമകന് രതീഷ്. കായംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.