ജവാൻ ഷജീർ വീണ്ടും പിടിയിൽ
1377680
Tuesday, December 12, 2023 12:13 AM IST
ആലപ്പുഴ: ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് എക്സൈസിന്റെ സ് പെഷൽ ഡ്രൈവിന്റെ ഭാഗമായി മാവേലിക്കര, നൂറനാട് ഭാഗത്ത് ബിവറേജ് ഔട്ട്ലെറ്റുകളിൽനിന്നു മദ്യം വാങ്ങി വിൽക്കുന്ന സ്ഥിരം കുറ്റവാളി എക്സൈസ് പിടിയിൽ.
വള്ളികുന്നം സ്വദേശി ഷജീർ (44) ആണ് 10 ലിറ്റർ ജവാൻ മദ്യവുമായി നൂറനാട് എക്സൈസിന്റെ പിടിയിലായത്.
മദ്യം കടത്തിക്കൊണ്ടുവന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. സ്ഥിരമായി ജവാൻ മദ്യം വില്പന നടത്തുന്നതിനാൽ ജവാൻ ഷജീർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇയാൾ കുപ്പിക്ക് 840 രൂപ നിരക്കിലാണ് മദ്യം മറിച്ചു വിറ്റിരുന്നത്.
സ്കൂട്ടറിൽ കൊണ്ടുനടന്നുള്ള ഇയാളുടെ മദ്യവില്പന കാരണം പൊതുസ്ഥലങ്ങളിൽ ആൾക്കാർ മദ്യപിച്ചു സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടു ധാരാളം പരാതികൾ എക്സൈസിന് ലഭിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നൂറനാട്എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി. സുനിൽകുമാറിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
പാർട്ടിയിൽ സിവിൽ എക് സൈസ് ഓഫീസർമാരായ അരുൺ, പ്രകാശ്, അനു, പ്രവിൺ എന്നിവർ പങ്കെടുത്തു. പൊതുജനങ്ങൾക്ക് ലഹരി ഉപയോഗത്തെയും വില്പനയെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് നൂറനാട് എക്സൈസ് റേഞ്ച് ഓഫീസിന്റെ ഫോൺ നമ്പർ-0479-2383400, 9400069503.