പുളിങ്കുന്ന് സെന്റ് ജോസഫ്സിൽ നവീകരിച്ച സയൻസ് ലാബ് തുറന്നു
1377679
Tuesday, December 12, 2023 12:13 AM IST
പുളിങ്കുന്ന്: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിന്റെ നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനം മാന്നാനം കെഇ ഗണിതശാസ്ത്ര വിഭാഗം മേധാവി റവ.ഡോ. ജോസഫ് കുരീത്തറ സിഎംഐ നിർവഹിച്ചു. ശാസ്ത്രപഠനത്തിലൂടെ പ്രകൃതിയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നൈപുണികൾ വിദ്യാർഥികൾ സ്വന്തമാക്കണമെന്ന്, പൂർവവിദ്യാർഥി കൂടിയായ ഡോ. ജോസഫ് കുരീത്തറ ഉദ്ബോധിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. ലൂക്ക ആന്റണി ചാവറ സിഎംഐ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഷാജി തോമസ് ലാബ് നവീകരണത്തിൽ പിന്തുണ നൽകിയ എല്ലാ പൂർവവിദ്യാർഥികളെയും നന്ദിപൂർവം അനുസ്മരിച്ചു. സ്റ്റാഫ് സെക്രട്ടറി സനിൽ ജോസഫ്, അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് തേവലക്കര, മഞ്ജു ജോസഫ് എന്നിവർ പ്രസംഗിച്ചു. സെക്കൻഡറി തലം വരെയുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുന്നതിന് അനുയോജ്യമായ രീതിയിലാണ് ലാബ് നവീകരണം നടത്തിയിരിക്കുന്നത്.