കാർഷിക ഗവേഷണ സ്ഥാപനങ്ങൾക്ക് അന്തകരായി സർക്കാർ
1377678
Tuesday, December 12, 2023 12:13 AM IST
എടത്വ: പുഞ്ചപ്പാടങ്ങളിൽ അത്യുത്പാദന ശേഷിയുള്ള വിത്തുകൾ വിളഞ്ഞാലും കർഷകന് ആപത്ത്. സപ്ലൈകോ നെല്ല് സംഭരണം നിജപ്പെടുത്തിയതോടെ കർഷകർക്കു കനത്ത തിരിച്ചടി. കോടികൾ മുടക്കി സ്ഥാപിച്ച കാർഷിക ഗവേഷണ സ്ഥാപനങ്ങൾക്ക് അന്തകരായി സർക്കാർതന്നെ മാറിയെന്ന് കർഷകർ പറയുന്നു.
പുഞ്ചകൃഷിയിൽ വിളയിച്ചെടുക്കുന്ന നെല്ല് ഏക്കറിന് 20 ക്വിന്റൽ മാത്രമേ സംഭരിക്കൂവെന്ന് സപ്ലൈകോ തീരുമാനം എടുത്തതോടെ കർഷകർ പ്രതിസന്ധിയിലായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് കൃഷിവകുപ്പ് രണ്ടു ക്വിന്റൽ അധികം സംഭരിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. പാലക്കാട്, കുട്ടനാടൻ മേഖലയിലെ പുഞ്ചകൃഷിയിൽ 30, 35 ക്വിന്റൽവരെ ഏക്കറിൽനിന്ന് ലഭിക്കാറുണ്ട്. ഗവേഷണ കേന്ദ്രങ്ങളിൽ വികസിപ്പിച്ചെടുത്ത അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളാണ് കർഷകന് മികച്ച വിളവ് നൽകുന്നത്.
കാർഷിക ചെലവുകൾ ഒരു പരിധിവരെ പിടിച്ചുനിർത്തിയത് അത്യുത്പാദന ശേഷിയുള്ള വിത്തുകളിൽ നിന്ന് ലഭിക്കുന്ന വിളവുകൊണ്ടാണ്. ഇതിന്റെ കടയ്ക്കലാണ് സപ്ലൈകോ കത്തിവച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യകാലങ്ങളിൽ കാർഷിക മേഖലയിലെ വിളവ് ഏക്കറിന് അഞ്ചു മുതൽ പത്തുവരെ ക്വിന്റലായിരുന്നു.
ഈ ത്പാദനത്തിൽ രാജ്യത്തിന്റെ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ സാധിക്കില്ലെന്ന് മനസിലാക്കിയ ഭരണാധികാരികൾ രാജ്യത്തിന്റെ ഭക്ഷ്യോത്പാദനം വർധിപ്പിക്കാൻ വേണ്ടി കാർഷിക ഗവേഷണ സ്ഥാപനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചു. ഇതിന്റെ ഫലമായി ഗവേഷണ കേന്ദ്രങ്ങൾ ആദ്യമായി കണ്ടുപിടിച്ച ഐആർഎട്ട്, ത്രിവേണി, തൈചുങ് മുതലായ വിത്തിനങ്ങൾ പാടശേഖരങ്ങളിൽ വിതയിറക്കാൻ തുടങ്ങി.
ഇവയുടെ ഉത്പാദനം പോരെന്ന് മനസിലാക്കി ഗവേഷണ വിഭാഗം വീണ്ടും കണ്ടുപിടിച്ച വിത്തിനങ്ങളാണ് ഉമ, ജ്യോതി. ഇവയ്ക്ക് പ്രതിരോധശക്തി കുറവാണെന്നു മനസിലാക്കി കേന്ദ്രം വീണ്ടും കണ്ടുപിടിത്തങ്ങൾ തുടർന്നുകൊണ്ടിരുന്നു. രേവതി പോലെയുള്ള പുതിയ ഇനം വിത്തുകൾ 35 ക്വിന്റലിലധികം ഉത്പാദിപ്പിക്കുമ്പോൾ ഏക്കറിന് 22 ക്വിന്റൽ നെല്ല് മാത്രമേ എടുക്കൂവെന്ന് സിവിൽ സപ്ലൈസ് പറയുന്നത് എന്ത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കർഷകരായ റോയി ഊരാംവേലിൽ, പ്രഫ. ജോജോ ചേന്ദംകര എന്നിവർ ചോദിക്കുന്നു.
കോടിക്കണക്കിന് രൂപ കാർഷിക ഗവേഷണത്തിനു മുടക്കി ഉത്പാദനം കൂട്ടുമ്പോൾ സർക്കാർ തന്നെ ഗവേഷണ കേന്ദ്രത്തിന് അന്തകരായി മാറുകയാണ്. വിത്ത്, വളം, കീടനാശിനി, കാർഷിക ചെലവുകൾ, തൊഴിൽകൂലി തുടങ്ങിയവ ഓരോ സീസണിലും വർധിക്കുമ്പോൾ ഉത്പാദനം കുറയ്ക്കണമെന്ന സർക്കാർ വാദം കർഷകർക്കുമേലുള്ള കടന്നുകയറ്റമാണ്.
കർഷകരുടെ ഉത്പന്നങ്ങൾ സംഭരിക്കാൻ കഴിയാത്ത അവസ്ഥയിൽ നെൽകൃഷിയുടെ വ്യാപ്തി വരുംകാലങ്ങളിൽ കുറഞ്ഞുവരാനാണ് സാധ്യത. യുവകർഷകരെ നെൽകൃഷിയിലേക്ക് കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുമ്പോഴും കർഷകരുടെ ഉത്പാദനം കുറയ്ക്കാനുള്ള സർക്കാർ നടപടിയിൽ വ്യാപക പ്രതിഷേധമുണ്ട്.