കുട്ടികൾക്ക് നവ്യാനുഭവമൊരുക്കി വർണക്കൂടാരം
1377677
Tuesday, December 12, 2023 12:13 AM IST
ഹരിപ്പാട്: പൊതുവിദ്യാഭ്യാസവകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തുടനീളം പ്രീ -പ്രൈമറി സ്കൂളുകളിൽ പൂർത്തിയാക്കി വരുന്ന വർണക്കൂടാരം പദ്ധതി പള്ളിപ്പാട് നടുവട്ടം ഗവ. എൽപി സ്കൂളിൽ രമേശ് ചെന്നിത്തല എംഎൽ എ നിർവഹിച്ചു. പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് അജിതാ അരവിന്ദൻ അധ്യക്ഷത വഹിച്ചു.
പത്തു ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവായത്. കുട്ടികള്‍ക്ക് സന്തോഷത്തോടെയും അവരുടെ അഭിരുചിക്കനുസരിച്ചും കളികളില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന വിശാലവും ശിശു സൗഹൃദവുമായ പ്രവര്‍ത്തന ഇടങ്ങള്‍ ഒരുക്കുക എന്നതാണ് വര്‍ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്കൂള്‍ പരിപാടിയിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്.
കുട്ടികൾക്ക് നേരനുഭവങ്ങളെ സമ്മാനിക്കുന്ന ഗുഹയും നദി ഉത്ഭവിച്ച് മലഞ്ചരിവിലൂടെ ഒഴുകുന്ന കാഴ്ചയും ജലാശയത്തിനുമുകളിലൂടെ സജ്ജമാക്കിയിരിക്കുന്ന പാലവുമൊക്കെ കുട്ടികൾക്ക് വേറിട്ട അനുഭവങ്ങളാണ് നൽകുന്നത്.
വർണക്കൂടാരം ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടുവട്ടം മംഗല്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം എ. ശോഭ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തികൃഷ്ണ, ബ്ലോക്ക് പഞ്ചായത്തംഗം ജോർജ് വർഗീസ് വെങ്ങാലിൽ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു കാർത്തികേയൻ തുടങ്ങിയവർ പ്രസംഗിച്ചു.