സപ്ലൈകോയുടെ മരുന്ന് കച്ചവടവും പൊളിയുന്നു
1377676
Tuesday, December 12, 2023 12:13 AM IST
കോഴഞ്ചേരി: കടക്കെണിയിലായ സപ്ലൈകോയിലെ മരുന്നു കച്ചവടവും പൊളിയുന്നു. പത്തുമുതല്‍ പതിനഞ്ചുശതമാനം വരെ വിലക്കിഴിവിലാണ് സപ്ലൈകോയുടെ മെഡിക്കല്‍ സ്റ്റോറില്‍നിന്നും മരുന്നുകള്‍ ലഭിച്ചിരുന്നത്. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് "ഇന്‍സുലിന്‍' വാങ്ങുമ്പോള്‍ 15 മുതല്‍ 25 ശതമാനം വരെ വിലക്കിഴിവ് ഉണ്ടായിരുന്നു. ഇതു സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. വിലക്കുറവുമായി സപ്ലൈകോ മരുന്നുശാലകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിപണിയില്‍ പിടിച്ചു നില്ക്കാന് പല സ്വകാര്യ മരുന്നുവ്യാപാരികളും ഉപഭോക്താക്കള്‍ക്ക് വിലക്കിഴിവ് നല്‍കിയിരുന്നു.
മരുന്ന് കമ്പനികള്‍ക്കു സപ്ലൈകോയില്നിന്നുള്ള കുടിശിക കൂടിയതോടെയാണ് മരുന്നു വിപണനശാലകളില്‍ മരുന്നിനുക്ഷാമമായത്. ജീവിതശൈലി രോഗങ്ങള്‍ക്കും അപസ്മാരം പോലെയുള്ള രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍പോലും സപ്ലൈകോയുടെ മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭ്യമല്ല. സര്‍ക്കാര്‍ ആശുപത്രികളോടു ചേര്‍ന്നാണ് സപ്ലൈകോ മരുന്നുവിപണനശാലകള് ഏറെയും പ്രവര്‍ത്തിച്ചിരുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ജനറല്‍, ജില്ല, താലൂക്ക് ആശുപത്രികള്‍ എന്നിവയുടെ സമീപത്ത് സപ്ലൈകോ മരുന്നുവിപണനശാലകള് ഉണ്ടായിരുന്നു. പ്രധാന ടൗണുകളിലും ഇവ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, മരുന്നുകള്‍ ഇല്ലാതായതോടെ ഇവയെല്ലാം അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
സൂപ്പര്‍ മാര്‍ക്കറ്റുകൾ ശൂന്യം
സബ്സിഡി സാധനങ്ങള്‍ ലഭ്യമല്ലാതായതോടെ സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കും മാവേലി സ്റ്റോറുകളിലേക്കും അധികമാരും എത്താതായി. സബ്സിഡി ഉത്പന്നങ്ങള്‍ക്കൊപ്പം മറ്റു സാധനങ്ങളും ഇപ്പോള്‍ ലഭ്യമല്ല.
റേഷന്‍കാര്‍ഡ് ഉടമകള്‍ക്കു സബ്സിഡി ഇനത്തില്‍ ലഭിച്ചിരുന്ന അരി, പഞ്ചസാര, ഉഴുന്ന് തുടങ്ങിയവയൊന്നുംതന്നെ ഇപ്പോള്‍ ലഭ്യമല്ല. പ്രമുഖ കമ്പനികളുടെ ബ്രാന്‍ഡ് ഉത്പന്നങ്ങളും മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയവയൊന്നും തന്നെ ഇപ്പോള്‍ കിട്ടാനില്ല.
സപ്ലൈകോയില്‍നിന്നു വന്‍തുക കുടിശിക ആയതോടെയാണ് കമ്പനികള്‍ ഉത്പന്ന വിതരണം നിര്‍ത്തിയത്. തങ്ങളുടെ ഉത്പന്നങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് സപ്ലൈകോ മാര്‍ക്കറ്റുകളില്‍ നിയോഗിച്ചിരുന്ന ദിവസവേതനക്കാരെയും കമ്പനികള്‍ പിരിച്ചുവിട്ടു.
സാധനങ്ങളുടെ അഭാവം നിമിത്തം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കച്ചവടവും കുത്തനെ കുറഞ്ഞു. ഇവിടത്തെ ദിവസവേതനക്കാരുടെ ശമ്പളവും മുടങ്ങി. ജീവക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വളരെ കുറച്ചു പൈസ മാത്രമാണ് കഴിഞ്ഞമാസം ശമ്പളമായി നല്‍കിയത്.
ക്രിസ്മസ് വിപണിയില്‍
ഇടപെടലുകളുണ്ടാകില്ല
ക്രിസ്മസ് വിപണിയില്‍ സപ്ലൈകോയുടെ ഇടപെടല്‍ ഉണ്ടാകില്ല. നിലനില്പുതന്നെ ഭീഷണിയിലായ സപ്ലൈകോ മുന്‍കാലങ്ങളില്‍ തുറന്നതു പോലെയുള്ള ക്രിസ്മസ് ബസാറുകള്‍ ഇത്തവണ തുറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സാധനങ്ങള്‍ ഇല്ലാതെ സപ്ലൈകോ വിപണനശാലകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. വിപണന ശാലകളിലെ വിറ്റുവരവ് പകുതിയായി കുറഞ്ഞു.
24 ലക്ഷത്തിലധികം രൂപ ദിനംപ്രതി വിറ്റുവരവുണ്ടായിരുന്ന കോഴഞ്ചേരിയിലെ സപ്ലൈകോ മാര്‍ക്കറ്റിലെ കച്ചവടം പകുതിയിലേറെ കുറഞ്ഞു. വില്പന കുറഞ്ഞതിനാല്‍ ദിവസവേതനക്കാരുടെ ശമ്പളവും കുറച്ചിരിക്കുകയാണ്. കച്ചവടത്തിന്റെ നിരക്ക് അനുസരിച്ചാണ് ഇവര്‍ക്ക് വേതനം നല്‍കിയിരുന്നത്. വര്‍ഷങ്ങളായി ദിവസവേതനത്തില്‍ ജോലി ചെയ്തിരുന്നവരില് പലരും പിരിച്ചുവിടലിന്റെ ഭീഷണിയിലാണ്.